തിരുവനന്തപുരം: ഇനിമുതല്‍ വീടുപണി ആരംഭിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. കഴിഞ്ഞ ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങള്‍ ഭേതഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എം പാനല്‍ഡ് ലൈസന്‍സിയുടേയോ, ടൗണ്‍പ്ലാനറുടേയോ സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയും വിധമാണ് നിയമ ഭേതഗതി വരുന്നത്. പ്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സെക്രട്ടറി 5 ദിവസത്തിനകം സാക്ഷ്യപത്രം നല്‍കണം. ഈ രേഖകള്‍ നിര്‍മ്മാണ പെര്‍മിറ്റായും ആരംഭിക്കുന്നതിനുളള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥകള്‍ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്.
ഉടമ സ്വയം സാക്ഷ്യപ്പെടുത്തി നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുന്ന പക്ഷം പിഴചുമത്താനും ലൈസന്‍സിയുടെ ലൈസന്‍സ് റദ്ദാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. 100 ചതുരശ്രമീറ്റര്‍ വരെയുളള കെട്ടിടങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, 200 ച.മി വരെയുളള കെട്ടിടങ്ങള്‍ക്ക് നാലുലക്ഷം രൂപയും 300 ച.മി. വരെയുളളതിന് ആറ് ലക്ഷം രൂപയും വീതമാണ് പിഴ.
കെട്ടിടത്തിന്‍റെ പ്ലാനും സൈറ്റ്‌പ്ലാനും നിലവിലുളള നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉടമയും ലൈസന്‍സിയുമാണ് സാക്ഷ്യപത്രം നല്‍കേണ്ടത്. ഏഴുമീറ്ററില്‍ കുറവ് ഉയരവും 2 നിലവരെയും 300 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്‌തൃതിയുമുളള ഹോസ്‌റ്റല്‍, അനാഥാലയങ്ങള്‍ ഡോര്‍മിറ്ററി, വൃദ്ധസദനം സെമിനാരി മതപരമായ ആവശ്യഭങ്ങള്‍ക്കുളള കെട്ടിടങ്ങള്‍ എന്നിവയ്‌ക്കും ഇത് ബാധകമാണ്.
ഏഴുമീറ്ററില്‍ കുറവ് ഉയരവും രണ്ടുനിലവരെയും 100 ചതുരശ്രമീറ്ററില്‍ കുറവ് വിസ്‌തൃതിയുമുളള വാണിജ്യ കെട്ടിടങ്ങള്‍, അപകട സാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും സ്വയം സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ കഴിയും. കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നത് 15 ദിവസമായി കുറയ്‌ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

