മ്യാന്മാര്‍ അട്ടിമറി: ചൈന ലക്ഷ്യത്തിലേക്ക് അടുക്കുന്നു

യാങ്ങോന്‍ (മ്യാന്‍മര്‍): മ്യാന്മാര്‍ സൈനികമേധാവി മിന്‍ ആംഗ് ലെയ്ഗും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കഴിഞ്ഞ മാസം ബീജിംഗില്‍ നടത്തിയ കൂടിക്കാഴ്ച സൈന്യം അധികാരം പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മ്യാന്‍മറിനെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച ചൈന, ടാറ്റ്മാഡോയുടെ ദേശീയ പുനരുജ്ജീവന ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു. മിന്‍ ആംഗ് ലെയ്ഗിന്റെ ബീജിംഗ് സന്ദര്‍ശനത്തിന് ശേഷമാണ് മ്യാന്‍മറിലെ സൈനിക അട്ടിമറിയെക്കുറിച്ച് ടാറ്റ്മാഡോ അധികൃതര്‍ സൂചനകള്‍ നല്‍കിയത്. മ്യാന്‍മാറിനെ വരുതിയിലാക്കുക എന്ന ലക്ഷ്്യം നേടാനാണ് ഇതിലൂടെ ചൈന ശ്രമിക്കുന്നത്. മ്യാന്‍മാറിലെ പട്ടാള അട്ടിമറിയെ ലോകരാജ്യങ്ങള്‍ അപലപിക്കുമ്പോള്‍ നടന്നത് ക്യാബിനറ്റ് അഴിച്ചുപണിയെന്ന പൊള്ളവാദം ചൈന ഉയര്‍ത്തുന്നതും ഇതിനാലാണ്.

മ്യാന്‍മറിലെ ചൈനയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇപ്പോള്‍ 25 ശതമാനത്തിലധികമാണ്. സിംഗപ്പൂരിനുശേഷം മ്യാന്‍മറിന്റെ രണ്ടാമത്തെ വലിയ നിക്ഷേപകനെന്ന നിലയില്‍ ചൈന ഇതുവരെ 21.5 ബില്യണ്‍ ഡോളര്‍ മ്യാന്‍മറില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇത് മ്യാന്‍മറിലെ വ്യാപാരത്തിന്റെ മൂന്നിലൊന്ന് വരും. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഭാഗമായ ചൈന-മ്യാന്‍മര്‍ ഇക്കണോമിക് കോറിഡോര്‍ പ്രകാരം, ചൈന മ്യാന്‍മറിലെ നിരവധി വലിയ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ മ്യാന്‍മറിനെ വന്‍തോതില്‍ ചൈനയുടെ കടക്കാരാക്കി മാറ്റി. രാജ്യത്തെ നിലവിലെ 10 ബില്യണ്‍ ഡോളര്‍ ദേശീയ കടത്തിന്റെ 40 ശതമാനത്തിലധികവും ചൈനയില്‍ നിന്ന് വാങ്ങിയതാണ്. ഇത് ഭാവിയില്‍ മ്യാന്‍മറിനെ സൈനിക താവളമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →