എറണാകുളം: കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെ കൊച്ചിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും. സരിത സവിത,സംഗീത,ശ്രീധര്‍,കവിത,പദ്മ സ്ക്രീന്‍ 1 എന്നീ തിയേറ്ററുകളിലായാണ് മേള നടക്കുന്നത്.
ഫെബ്രുവരി 15ന് പാസ് വിതരണം ആരംഭിക്കും. സരിത തിയേറ്റര്‍ പരിസരത്ത് സൗജന്യമായി ആന്റിജന്‍ ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് അക്കാദമി ഒരുക്കുന്നതാണ്. ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കു മാത്രമേ ഡെലിഗേറ്റ് പാസ് അനുവദിക്കുകയുള്ളൂ. കോവിഡ് നെഗറ്റീവ് ആണ് എന്ന സര്‍ട്ടിഫിക്കറ്റ് (മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്തത്) ഹാജരാക്കുന്നവര്‍ക്കും പാസ് അനുവദിക്കുന്നതാണ്.
ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലുള്ളവര്‍ക്ക് കൊച്ചിയില്‍ നടക്കുന്ന മേളയില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. registration.iffk.in എന്ന വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രതിനിധികള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് വിലാസം മാറ്റുകയാണെങ്കില്‍ വിലാസം തെളിയിക്കുന്ന പ്രൂഫ് അപ്ലോഡ് ചെയ്യേണ്ടതാണ്. കൊച്ചിയില്‍ 2500 പാസുകളാണ് ആകെ വിതരണം ചെയ്യുന്നത്. ഇതില്‍ പൊതുവിഭാഗം,വിദ്യാര്‍ത്ഥികള്‍, ഫിലിം /ടി.വി പ്രൊഫഷണല്‍,ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍, മീഡിയ എന്നിങ്ങനെ എല്ലാ വിഭാഗവും ഉള്‍പ്പെടും. എല്ലാ വിഭാഗത്തിനും ഒരുമിച്ചായിരിക്കും രജിസ്ട്രേഷന്‍.
തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ആരംഭിക്കുകയും സിനിമ ആരംഭിക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പായി റിസര്‍വേഷന്‍ അവസാനിക്കുകയും ചെയ്യും. റിസര്‍വേഷന്‍ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പര്‍ എസ്.എം.എസ് ആയി പ്രതിനിധികള്‍ക്ക് ലഭിക്കും. തെര്‍മല്‍ സ്കാനിംഗ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളില്‍ സീറ്റ് നല്‍കുകയുള്ളൂ.
മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആള്‍ക്കൂട്ടം ഉണ്ടാകുന്ന കലാപരിപാടികളോ ഉണ്ടായിരിക്കുന്നതല്ല. എല്ലാ ഇടങ്ങളിലും ഒരേ സിനിമകള്‍ തന്നെയാണ് പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ര്ട മത്സരവിഭാഗം, മലയാള സിനിമ ടുഡേ, ഇന്ത്യന്‍ സിനിമ, ലോകസിനിമ, കലൈഡോസ്കോപ്പ്, ഹോമേജ്, റെട്രോസ്പെക്റ്റിവ് വിഭാഗം, ജൂറി സിനിമ എന്നീ വിഭാഗങ്ങളിലായി ആകെ 80 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.