വാഷിംഗ്ടണ്‍: രാജ്യത്തെ കര്‍ഷക സമരത്തിന് പിന്തുണയുമായി കമലഹാരിസിന്റെ മരുമകള്‍. പോപ് ഗായികയായ റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് എന്നിവര്‍ക്ക് പിന്നാലെയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളായ മീനാ ഹാരിസ് കര്‍ഷക സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നത്.
സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ മീനാ ഹാരിസ് പ്രതികരിച്ചത്.
”ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്.
ഇത് യാദൃശ്ചികമല്ല, ഇത് രണ്ടും ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തേയും ഇന്റര്‍നെറ്റ് നിരോധനത്തേയും അപലപിക്കേണ്ടതാണ്,” മീനാ ഹാരിസ് ട്വീറ്റ് ചെയ്തു.
പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയായിരുന്നു ഗ്രെറ്റ തന്‍ബര്‍ഗും പോപ് ഗായിക റിഹാനയും രംഗത്തെത്തിയത്.

