മുംബൈ: പാലാ മണ്ഡലത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ മുന്നണി മാറ്റം സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനമെടുത്ത് എന്‍സിപി. മുന്നണി മാറേണ്ടെന്നും എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നുമാണ് എന്‍സിപി തീരുമാനം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അല്‍പ്പസമയത്തിനുള്ളില്‍ പാര്‍ട്ടി ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തും.
പാലാ സീറ്റിനെച്ചൊല്ലി ആരംഭിച്ച തര്‍ക്കത്തില്‍ തീരുമാനമുണ്ടാക്കാനായി ശരദ് പവാറും കേരളാ നേതാക്കളും തമ്മില്‍ ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തുന്നതിനിടയിലാണ് തീരുമാനം. എന്നാല്‍ പാല കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് അവസാന ഘട്ടത്തിലും മാണി സി കാപ്പന്‍ ആവര്‍ത്തിച്ചത്. പാലാ സീറ്റ് സംബന്ധിച്ച് ഇപ്പോളും അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം.
എല്‍ഡിഎഫിന് തുടര്‍ഭരണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്നണിയില്‍ത്തന്നെ തുടരണമെന്നായിരുന്നു ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്. തര്‍ക്കത്തെത്തുടര്‍ന്ന് എന്‍സിപി പിളരുന്നു എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ ഘട്ടത്തിലാണ് കേരള നേതാക്കള്‍ പവാറിനെകാണാന്‍ ദില്ലിയിലെത്തിയത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍, മന്ത്രി എകെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എന്നിവരാണ് പവാറിനെക്കാണാന്‍ പോയത്.

