ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബുധനാഴ്ച(03/02/21)യും കര്‍ഷക സമരത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരും. കാര്യപരിപാടിയിലെ പ്രധാന ഇനമായ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുന്‍പ് കര്‍ഷക സമരത്തില്‍ സഭയില്‍ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുക. ചൊവ്വാഴ്ച (02/02/21) ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയതോടെ രണ്ട് സഭകളും പ്രക്ഷുബ്ദമായിരുന്നു.
രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയുടെ ഭാഗമായി കര്‍ഷക സമരത്തിലെ അഭിപ്രായം പറയാം എന്നതായിരുന്നു രണ്ട് സഭാ അധ്യക്ഷന്മാരും ചൊവ്വാഴ്ച കൈക്കൊണ്ട നിലപാട്. ഇതുതന്നെ ആകും ഇരു സഭകളിലും ഇവര്‍ വ്യക്തമാക്കുക. കര്‍ഷകര്‍ അറുപത്തിയഞ്ച് ദിവസത്തിലധികമായി തുടരുന്ന സമരം പ്രത്യേകമായി ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ നിലപാട്. ചൊവ്വാഴ്ച രണ്ട് സഭകളും തടസപ്പെട്ട സാഹചര്യത്തില്‍ അധ്യക്ഷന്മാര്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരോട് ബുധനാഴ്ച മുതല്‍ രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയുമായി സഹകരിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇവര്‍ കൈക്കൊള്ളുന്ന തിരുമാനം പ്രധാനപ്പെട്ടതാകും.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ചയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തരുത് എന്ന അഭിപ്രായം ഒരു വിഭാഗം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉണ്ട്. അവര്‍ ഈ നിലപാടില്‍ ഉറച്ച് നിന്നാല്‍ കോണ്‍ഗ്രസും ചര്‍ച്ചയുടെ ഭാഗമായി സഭ നടപടികളില്‍ പങ്കെടുക്കും. രാജ്യസഭയില്‍ ഭുവനേശ്വര്‍ കലിതയും ലോകസഭയില്‍ ലോക്കെറ്റ് ചാറ്റര്‍ജിയും ആണ് നന്ദി പ്രമേയം അവതരിപ്പിക്കുക. ലോക്‌സഭയില്‍ ലോക്കെറ്റ് ചാറ്റര്‍ജി ചൊവ്വാഴ്ച ഒറ്റവരി നന്ദിപ്രമേയം അവതരിപ്പിച്ചെങ്കിലും പ്രസംഗം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

