കർഷക സമരത്തിലെ സാമ്പത്തിക സ്രോതസ്സ് എൻഫോഴ്സ്മെൻറ് ഡയറക്റേറ്റ് അന്വേഷിക്കും

ന്യൂഡൽഹി: കാര്‍ഷികനിയമങ്ങള്‍ക്കെതിരെ രണ്ടുമാസമായി സമരം തുടരുന്ന കര്‍ഷകരെ നേരിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ നിയോഗിച്ച് സര്‍ക്കാര്‍. നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഇത്രയും കര്‍ഷകരെ സംഘടിപ്പിക്കാനും പ്രതിഷേധപരിപാടികള്‍ നടത്താനും കര്‍ഷകര്‍ക്ക് എവിടുന്നൊക്കെയാണ് പണം ലഭിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ നിരവധി കര്‍ഷകര നേതാക്കള്‍ക്കെതിരെ ദില്ലി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ഇഡിയും കളത്തിലിറങ്ങുന്നത്.

കര്‍ഷകസമരത്തിനായി പണമെത്തിക്കുന്ന എന്‍ജിഒകളെ കേന്ദ്രീകരിച്ചാകും ആദ്യഘട്ടത്തില്‍ അന്വേഷണം നടക്കുക. സാമ്പത്തിക ക്രമക്കേടോ കള്ളപ്പണം വെളുപ്പിലോ നടന്നതായി എന്തെങ്കിലും സൂചന ലഭിച്ചാല്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിക്കാന്‍ തയ്യാറെടുത്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഹവാല ഇടപാടുകളെക്കുറിച്ച് ഇഡി സമാന്തരഅന്വേഷണം നടത്തിവരികയാണ്. ഈ ഇടപാടുകാര്‍ക്ക് കര്‍ഷകസമരവുമായി ബന്ധമുണ്ടോ എന്ന് ഇഡി സൂക്ഷ്മമായി അന്വേഷിക്കും.

അതേസമയം ദില്ലിയില്‍ സംഘര്‍ഷമുണ്ടായ സിംഘു, തിക്രി, ഗാസിപ്പുര്‍ അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഞായറാഴ്ച (31/01/21) വരെ റദ്ദാക്കി. ഹരിയാനയില്‍ 17 ജില്ലകളിലെ ഇന്റര്‍നെറ്റ് വിലക്കും നീട്ടിയിട്ടുണ്ട്.

ടുജി, ത്രീജി, ഫോര്‍ജി, സിഡിഎംഎ, ജിപിആര്‍എസ് സര്‍വ്വീസുകള്‍ക്കു പുറമേ മൊബൈല്‍ റീചാര്‍ജും ബാങ്ക് സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള എസ്എംഎസ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ക്രമസമാധാനപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് ഹരിയാന സര്‍ക്കാരിന്റെ വിശദീകരണം. സോഷ്യല്‍ മീഡിയവഴി വ്യാപകമായി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുകയാണെന്നും ഇത് തടയുകയാണ് ഇന്റര്‍നെറ്റ് റദ്ദാക്കലിന്റെ ലക്ഷ്യമെന്നും ഹരിയാന സര്‍ക്കാര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →