തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കുന്നതിനാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്ന് സൂചന. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടായിരുന്നതിനാല്‍ പ്രചാരണം നയിക്കാന്‍ ആളില്ലാത്ത അവസ്ഥ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാനനിര്‍വാഹകസമിതി യോഗത്തിലെ വിലയിരുത്തല്‍. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സുരേന്ദ്രന് ആ ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവരുന്നത് തിരിച്ചടിയാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
അതേസമയം, തെരഞ്ഞെടുപ്പിന് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയായിരിക്കും പാര്‍ട്ടി കളത്തിലിറക്കുകയെന്നും യോഗത്തിനുശേഷം കെ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി താന്‍ നയിക്കുന്ന ബിജെപിയുടെ യാത്ര അടുത്തമാസം 20ന് ആരംഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രചരണങ്ങള്‍ നടത്താന്‍ ബിജെപി സംസ്ഥന കമ്മിറ്റി യോഗം തീരുമാനമെടുത്തിട്ടുണ്ട്. ക്രിസ്ത്യന്‍ വോട്ടുകള്‍ പിടിക്കാന്‍ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
എല്‍ഡിഎഫും യുഡിഎഫും വര്‍ഗ്ഗീയതയെ വളര്‍ത്തുകയാണെന്നും സുരേന്ദ്രന്‍ ആഞ്ഞടിച്ചു. യുഡിഎഫിനൊപ്പം ജമാ അത്തെ ഇസ്ലാമിയാണെങ്കില്‍ എല്‍ഡിഎഫിനൊപ്പം പോപ്പുലര്‍ ഫ്രണ്ടാണെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു. ഇരുമുന്നണികളും വര്‍ഗ്ഗീയത പ്രോത്സാഹിപ്പിക്കുന്നതില്‍ ക്രിസ്ത്യന്‍ സമുദായത്തിന് ആശങ്കയുണ്ട്. ഈ ആശങ്ക അസ്ഥാനത്തല്ല. ക്രൈസ്തവരും ഭൂരിപക്ഷ സമുദായാംഗങ്ങളുമാണ് മുസ്ലീം തീവ്രവാദത്തിന് ഇരകളാകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ശോഭ സുരേന്ദ്രനുമായി പ്രശ്നമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

