ന്യൂഡൽഹി: കർഷക രോഷത്തിന്റെ പ്രതീകാത്മകമായിട്ടാണ് ചെങ്കോട്ടയിൽ കൊടി ഉയർത്തിയതെന്ന് ദീപ് സിദ്ദു. കർഷകർക്കായി താൻ ഉറച്ചുനിൽക്കും. താൻ രാജദ്രോഹി ആണെങ്കിൽ മറ്റുള്ള കർഷക നേതാക്കൾ അങ്ങനെയല്ലേ. കർഷക സംഘടന നേതാക്കൾ പിന്നിൽ നിന്ന് കുത്തിയെന്നും ദീപ് സിദ്ദു പറയുന്നു. അജ്ഞാത കേന്ദ്രത്തിൽ നിന്ന് പുറത്തുവിട്ട ഫേസ്ബുക്ക് വീഡിയോയിലാണ് ദീപ് സിദ്ദു ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. തനിക്ക് ബിജെപി, ആർഎസ്എസ് ബന്ധമൊന്നുമില്ലെന്നും ദീപ് സിദ്ദു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
ദീപ് സിദ്ദു ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല. എഫ്ഐആറിൽ പേര് ചേർത്തെങ്കിലുിം ദീപ് സിദ്ദുവിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ചെങ്കോട്ടയിലെത്തി അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകി, പതാക കെട്ടുന്നതടക്കമുള്ള കാര്യങ്ങൾക്ക് പ്രേരണയാവുകയും ചെയ്തയാളാണ് ദീപ് സിദ്ദു. ദില്ലിയിലേക്ക് കർഷകരുടെ ട്രാക്ടർ റാലി നടക്കുന്നതിന് തലേദിവസം എട്ടുമണിക്കൂറോളം ദീപ് സിദ്ദു പ്രധാന സമരവേദി കയ്യേറിയിരുന്നു. ചെങ്കോട്ടയിലേക്ക് വലിയ തോതിൽ മാർച്ച് നടത്തണം, വലിയ സംഭവങ്ങൾക്കായി ദില്ലി കാത്തിരിക്കുന്നു എന്നൊക്കെയുള്ള പ്രസ്താവനകൾ ദീപ് സിദ്ദുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ദീപ് സിദ്ദുവാണ് അക്രമസംഭവങ്ങൾക്ക് പ്രേരണ നൽകിയതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കുന്നു.

