വസ്ത്രത്തിനു മുകളിലൂടെ പെൺകുട്ടിയുടെ നെഞ്ചിൽ സ്പർശിയ്ക്കുന്നത് ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി: ചർമസമർശം ഉണ്ടാകാത്ത രീതിയിൽ വസ്ത്രത്തിനു മുകളിലൂടെ പെൺകുട്ടിയുടെ നെഞ്ചിൽ സ്പർശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗിക പീഡന കുറ്റമല്ല എന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ. കേന്ദ്രസർക്കാരിനെ പ്രത്യേകാനുമതി ഹർജ്ജി ഫയൽ ചെയ്യാൻ അനുവദിച്ചാണ് സുപ്രീം കോടതിയുടെ നടപടി.

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച മുപ്പത്തിയൊന്നുകാരനെ മൂന്നു വർഷം ശിക്ഷിച്ച സെഷൻസ് കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

ജനുവരി 19നാണ് ബോംബെ ഹൈക്കോടതി വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയുടെ നെഞ്ചിൽ സ്പർശിക്കുന്നത് വസ്ത്രത്തിനു മുകളിലൂടെയാണെങ്കിൽ ലൈംഗികാതിക്രമത്തിൽ പെടുത്താനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പോക്സോ നിലനിൽക്കണമെങ്കിൽ ലൈംഗികാസക്തിയോടെ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ തൊടുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളിൽ തൊടുവിക്കുകയോ വേണം. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണം എന്ന് കോടതി പറഞ്ഞു. പെൺകുട്ടിയെ അന്തസിനു കളങ്കം വരുത്തിയതിനു മാത്രമേ കേസെടുക്കാൻ കഴിയൂ എന്ന് കോടതി നിരീക്ഷിച്ചു.

2018ൽ പേരയ്ക്ക തരാമെന്ന വ്യാജേന പ്രതി ചേർക്കപ്പെട്ടയാൾ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. ശിക്ഷയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതി ചേർക്കപ്പെട്ടയാൾ അപ്പീൽ നൽകിയിരുന്നു. ഇതിൻ്റെ വിധിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →