തിരുവനന്തപുരം: സോളാര്‍ പീഡന കേസ് സിബിഐ ഉടൻ എറ്റെടുക്കില്ലെന്ന് റിപ്പോര്‍ട്ട് . സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പേഴ്സണല്‍ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തീരുമാനം. സോളാര്‍ അന്വേഷണം എറ്റെടുക്കുക നിയമോപദേശം തേടിയ ശേഷമായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ കേസുകളില്‍ തുടരന്വേഷണ സാധ്യത അടക്കം സിബിഐ പരിശോധിക്കും.
സോളാര്‍ കേസുകളില്‍ സിബിഐ അന്വേഷണത്തിന് ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പേഴ്‌സണല്‍ മന്ത്രാലയം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സിബിഐക്ക് കൈമാറി. പരാതിക്കാരിയുടെ ആവശ്യം ആണ് കേസുകള്‍ കൈമാറുന്നതിനുള്ള കാരണമായി വിജ്ഞാപനത്തില്‍ പറയുന്നത്. ഇത് കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐ മാനുവല്‍ പ്രകാരം യുക്തമായ കാരണമല്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതായ നിഗമനം കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്ന് വിജ്ഞാപനം പറയുന്നില്ല.
സംസ്ഥാനാന്തര ബന്ധം ഉള്ളവര്‍ കേസിന്റെ ഭാഗമാണെന്ന് ഇതുവരെ കേസ് അന്വേഷിച്ച എജന്‍സികളും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനായുള്ള സിബിഐ തിരുമാനം. ഏതെങ്കിലും കേസുകള്‍ രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കൈമാറിയത് എന്ന സംശയം ഉണ്ടായാല്‍ കേസിന്റെ ഉള്ളടക്കം പ്രാഥമിക പരിശോധന നടത്തി സിബിഐ ബോധ്യപ്പെട്ടിരിക്കണം എന്ന് സുപ്രിംകോടതി നിര്‍ദ്ദേശം നിലവിലുണ്ട്. ലഭിക്കുന്ന നിയമോപദേശം അനുകൂലമാണെങ്കില്‍ മാത്രമേ അന്വേഷണം ഏറ്റെടുക്കൂ എന്ന് വിശ്വസ്തരായ ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമോപദേശം പ്രതികൂലമാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദികരണം സിബിഐ ആരായും. ഇതും ത്യപ്തികരമല്ലെങ്കില്‍ കേസ് സിബിഐ എറ്റെടുക്കില്ല.