ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ യുദ്ധക്കളമായി രാജ്യതലസ്ഥാനം. ട്രാക്ടർ റാലിയുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ ഏറ്റമുട്ടി. റോഡുകൾ അടച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും കടുത്ത പ്രതിരോധം തീർത്തിരിക്കുകയാണ് പൊലീസ്. ഡൽഹി മെട്രോ ഭാഗികമായി അടയ്ക്കുകയും ചെയ്തു.
ഉച്ചയോടെയാണ് ഡൽഹി നഗരം യുദ്ധക്കളമായത്. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പൊലീസ് സ്ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഇതോടെ പൊലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡല്‍ഹി.
ട്രാക്ടറുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്.