മുതുമലൈ ടൈഗർ റിസർവ്വിന്നുള്ളിലെ മസനഗുഡിക്കടുത്ത ശിങ്കാരയിലെ ആഡംബര റിസോർട്ടിൽ ഭക്ഷണം തെണ്ടിയെത്തിയ ഗജവീരനോട് മനുഷ്യനു മാത്രമെ ഭയാനകവും നീചവുമായ ഇത്തരം ക്രൂരത ചെയ്യാനൊക്കൂ. മുതുമലയോ ബന്ധിപ്പൂരോ വയനാടോ പെരിയാറോ ഭേദമില്ലാതെ ഇന്ത്യാ രാജ്യത്തെവിടെയും തെണ്ടികളായ ഇത്തരം ജീവികളെ കാണാം. റിസോർട്ടുകളും മറ്റും ഒരുക്കുന്ന ഭക്ഷണക്കെണികളിലേക്ക് വന്യ ജീവികൾ ഈയാംപാറ്റകളെപ്പോലെ ആകൃഷ്ടരാവുകയാണ്. അതിൽ ആന മാത്രമല്ല , കടുവയും മാനുകളും കുരങ്ങുകളും വരയാടുമടക്കം രാജ്യത്തിൻ്റെ പൈതൃകവും അഭിമാന വുമായ ജീവജാലങ്ങൾ എല്ലാമുണ്ട്. രാജ്യത്തെ ടൈഗർ റിസർവ്വുകൾ, മറ്റു സംരക്ഷിത വനങ്ങൾ , റിസർവ്വ് വനങ്ങൾ എന്നിവയിലെ ടൂറിസം കേന്ദ്രങ്ങളിലെല്ലാം വന്യത നഷ്ടപ്പെട്ട ഇത്തരം ജീവജാലങ്ങളെ നമുക്ക് ഇമ്പത്തോടെ കാണാനാകും. ടൂറിസത്തെ പൊലിപ്പിക്കുവാനും ടൂറിസ്റ്റുകളെ രസിപ്പിക്കാനും വളരെ പാടുപെട്ടാണ് എല്ലാവരും കൂടി ഇവയെ സൃഷ്ടിച്ചെടുത്തത്. ക്രമേണ ചിലയിടങ്ങളിൽ തെണ്ടി മനുഷ്യരും ശല്യക്കാരാകാറില്ലേ? ഇവയിൽ ചിലത് അങ്ങനെയായി മാറിയത് സ്വാഭാവികം മാത്രം. അവയെ കൈകാര്യം ചെയ്യുന്നതിങ്ങനെയോക്കെയാണ്. അല്ലെങ്കിൽ ഇതേക്കാൾ “മനുഷ്യത്തപരമായ “മറ്റു മുറകൾ ഉപയോഗിച്ചാണ്. സമീപകാലത്ത് കേരളത്തിൽ ആനകൾക്കെതിരെ നാം പ്രയോഗിച്ച “മുറകൾ ” നമ്മെ അന്തർദേശീയ പ്രശസ്തരാക്കിയിട്ടുണ്ടല്ലൊ.?
വനവും വന്യജീവികളും മാത്രമല്ല , പാർശ്വവൽക്കരിക്കപ്പെട്ട തദ്ദേശ – ഗോത്ര ജനതയും ഇരകളാണ്. ആൻ്റമാൻ നിക്കോബാർ ദ്വീപിലെ ജാറവകളുംബന്ധിപ്പൂരിലെയും നാഗർ ഹൊളെയിലെയും മുതുമലയിലെയും വയനാട്ടിലെയും ആദിമനിവാസികളും നിലമ്പൂരിലെ ഷോലനായ്ക്കരും ഭക്ഷണക്കെണിയിൽ നിന്നും രക്ഷപ്പെട്ടിട്ടില്ല.
ഏഷ്യൻ കാട്ടാനകളുടെ ഭൂമിയിലെ ഏറ്റവും വലിയ ആവാസസ്ഥാനമായ മുതുമലൈ ടൈഗർ റിസർവ്വും ബന്ധിപ്പൂർ ടൈഗർ റിസർവ്വും നാഗർ ഹോളെയും വയനാടും മറ്റും അടങ്ങുന്ന നീലഗിരി ജൈവ മണ്ഡലം ( Nilgiri Biosphere Reserve) ഏതാനം വർഷങ്ങളായി ടൂറിസം മൂലം ആനകളുടെയും കടുവയsക്കമുള്ള വന്യജീവികളുടെയും ചുടലപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്.
കൊട്ടിഘോഷിക്കപ്പെടുന്ന , ഏറെ ഉദാത്തീകരിക്കപ്പെടുന്ന പരിസ്ഥിതി സൌഹൃദ ഇക്കോ ടൂറിസത്തിൻ്റെ (ഇക്കോ ടെററിസമെന്ന പദമാണ് കൂടുതൽ യോജ്യം) ഭീബൽസമുഖം അനാവരണം ചെയ്യപ്പെട്ടാൽ ആരും സ്തംഭിച്ചു പോകും. അനാദികാലം മുതൽക്കേ സഞ്ചാരം മനുഷ്യനൊപ്പമുണ്ട്. തീർത്ഥാടനത്തിനും വൈദ്യത്തിനും വിജ്ഞാന സമ്പാദനത്തിനും ഒക്കെയായി. നൈസർഗ്ഗികമായ ഈ ചോദനയെ ലോകത്തെ ഏറ്റവും വലിയ വ്യവസായമായി മാറ്റിയെടുത്ത കഥയാണ് ടൂറിസത്തിൻ്റെത്.ഇന്ന് ഈ ഭൂമുഖത്തെ ഏറ്റവും അധാർമ്മികമായ , നെറികെട്ട , ക്രിമിനൽവൽക്കരിക്കപ്പെട്ട കൂറ്റൻവ്യവസായമാണ് ടൂറിസം. ഉപഭോഗാസക്തിയുടെ ശമനത്തിന്നായി നാം മലീമസക്കാത്ത , ബലാൽക്കാരം ചെയ്യാത്ത എന്തുണ്ടീ ഭൂമിയിൽ? കാട്. കടൽ. കടൽത്തീരങ്ങൾ. പർവ്വതങ്ങൾ .ഹിമശ്രംഗങ്ങൾ, മരുഭൂമികൾ , തീർഥാടന കേന്ദ്രങ്ങൾ….. ദൈവമേ , ഇതിനൊരറുതിയുണ്ടകാൻ മനുഷ്യകുലം തന്നെ ഭൂമുഖത്ത് നിന്ന് തിരോഭവിക്കേണ്ടി വരുമോ?
ടൂറിസത്തെയും പ്രക്രുതി സംരക്ഷണത്തെയും ഒരേ നുകത്തിൽ കെട്ടാൻ പറ്റില്ലെന്ന് മഹാനായ പക്ഷിശാസ്ത്രജ്ഞൻ പ്രഫ:നീലകണ്ഠൻ സാർ എത്രയോ മുൻപ് തൻ്റെ ” പുല്ല് തൊട്ട് പൂനാര വരെ ” എന്ന കൃതിയിൽ ഒരു പ്രവാചകനെപ്പോല പറഞ്ഞു തന്നിട്ടുണ്ട്. അദ്വിതീയവും അനുപമമവും ആയ നമ്മുടെ പരിസ്ഥിതിയെയും ഭൂമുഖത്തെ ആവാസ വുവസ്ഥകളെയും മാത്രമല്ല , ജനസമൂഹങ്ങളുടെ സംസ്കാരത്തെയും വിശുദ്ധമെന്ന് നാം കരുതുന്ന വിശ്വാസ പ്രമാണങ്ങളെയും സാമൂഹ്യ സദാചാരത്തെയും എല്ലാറ്റിനെയും ടൂറിസം മലീമസമാക്കും. ഉന്മൂലനം ചെയ്യും. ഇന്ന് ആ ഗജശ്രേഷ്ടൻ .. നാളെ നീ .. അല്ല , നാം. ഈ പാപഭാരമെല്ലാം സർവ്വംസഹയാണെങ്കിലും ധരിത്രി എങ്ങനെ പേറും ? എല്ലാറ്റിനും ഒരറുതിയുണ്ടല്ലോ ? – ബാദുഷ ( പരിസ്ഥിതി പ്രവർത്തകൻ)

