കൊച്ചി: ലഹരി ഉപയോഗിച്ച കാര്യം വീട്ടുകാരോട് പറഞ്ഞുവെന്നാരോപിച്ച് 17 കാരന് ക്രൂര മര്‍ദ്ദനം. കളമശ്ശേരി ഗ്ലാസ് ഫാകടറി കോളനിയിലെ സമപ്രായക്കാരായ സുഹൃത്തുക്കളാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് അവശനായ കുട്ടി ആലുവാ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം കൂട്ടുകാര്‍ ചേര്‍ന്ന് ലഹരി ഉപയോഗിച്ച വിവരം അവരവരുടെ വീടുകളില്‍ പറഞ്ഞുവെന്ന കാരണം പറഞ്ഞ് കുട്ടിയെ ആരും ഇല്ലാത്ത സ്ഥലത്ത് എത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. അര്‍ദ്ധ നഗ്നനാക്കിയശേഷം കൂട്ടം കൂടി നിന്ന് നാലിലധികം കുട്ടികള്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. തലയ്ക്ക് പലവട്ടം കാലുകള്‍ കൊണ്ട് മര്‍ദ്ദിക്കുകയും, നടുവിന് കയറിയിരുന്ന് നട്ടെല്ലിന് ഇടിക്കുകയും ചെയ്തു. മെറ്റല്‍ നിരത്തിയിട്ട് അതിനുമുകളില്‍ മുട്ടുകുത്തിച്ച് മണിക്കൂറുകളോളം നിര്‍ത്തുകയും, മെറ്റലില്‍ മുട്ടുകുത്തി നല്‍ക്കുമ്പോള്‍ ഒരാള്‍ തോളില്‍കയറി ഇരിക്കുകയും ചെയ്തിരുന്നു. പിന്നീട് പാട്ടുവച്ച് ഡാന്‍സ് കളിപ്പിക്കുകയും വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഇതിനടയില്‍ ചികിത്സ തേടിയെത്തിയ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ വിവരം പോലീസിലറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാവാത്തവരാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. അതിനാല്‍ മറ്റു നടപടികള്‍ സ്വീകരിക്കാനായില്ല. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മൂന്നുമാസം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത് എന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നത്.
തുടര്‍ന്ന് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . കളമശേരി എസ് എച്ച് ഒയ്ക്കാണ് അന്വേഷണ ചുമതല. മര്‍ദ്ദനം നടന്ന കോളനിയില്‍ ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ നിരവധിയുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മര്‍ദ്ദന സമയത്ത് കുട്ടികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി വിവരമുണ്ട്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടനുസരിച്ച് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുമ്പാകെ പ്രതികളെ ഹാജരാക്കുമെന്നാണ് വിവരം. ബോര്‍ഡാണ് ശിക്ഷ തീരുമാനിക്കുന്നത്.

