ആലപ്പുഴ: യുവതിയെ മുത്തലാക്ക് ചൊല്ലി ഒഴിവാക്കിയ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി സുബിന്‍(32) നെതിരെയാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് നടപടി. 2016ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്.
വിവാഹ പാരിതോഷികമായി നല്‍കിയ 50 പവന്‍ കൈക്കലാക്കിയെന്നും പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. രജിസ്റ്റർ ചെയ്ത കത്തുമുഖാന്തിരം കഴിഞ്ഞ ഡിസംബറില്‍ മൂന്ന് തലാക്കും ചൊല്ലി ഒഴിവാക്കിയതായും പരാതിയില്‍ പറയുന്നു.
മാനസീക പീഡനത്തിന് പ്രേരണ നല്‍കിയ കുറ്റത്തിന് ഭര്‍തൃമാതാവിനും, ഭര്‍തൃസഹോദരിക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ഭര്‍ത്താവിന് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുളള ഉത്തരവുണ്ട്.



