തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. കോണ്‍ഗ്രസുമായി അനുനയ ചര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.
നിങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തയ്ക്ക് ഞാന്‍ മറുപടി പറയണമെന്ന് പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമല്ല എന്നായിരുന്നു കെ.വി തോമസ് പ്രതികരിച്ചത്.
‘എന്റെ പിറകെ കൂടിയിട്ട് ഒരു കാര്യവുമില്ല. നിങ്ങള്‍ തന്നെ വാര്‍ത്തയുണ്ടാക്കി നിങ്ങള്‍ തന്നെ കൊടുക്കണ്ട. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞോളാം’, കെ.വി തോമസ് പറഞ്ഞു.
അനുനയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന്, ‘സുഹൃത്തക്കളേ ഇങ്ങനെ ചോദിക്കരുത്. ഇതിനൊക്കെ ഒരു മര്യാദയുണ്ട്. നിങ്ങള്‍ തന്നെ ഉണ്ടാക്കുന്ന വാര്‍ത്തയ്ക്ക് ഞാന്‍ മറുപടി പറയുന്നത് നടക്കുന്ന കാര്യമല്ല. അത്രയും വിചാരിച്ചാല്‍ മതി’, എന്നായിരുന്നു കെ.വി തോമസിന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്ന കെ.വി തോമസ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കായിട്ടാണ് തിരുവനന്തപുരത്ത് എത്തിയത്. ഇടതുമുന്നണിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ തിരുവനന്തപുരത്തേക്ക് എത്തിയ കെ.വി തോമസ് ഹൈക്കമാന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.

