സ്വയം മുറിവേൽപ്പിച്ച് കൂട്ടബലാൽസംഗത്തിനിരയായെന്ന്‌ വ്യാജ പരാതി നൽകിയ കോളജ് വിദ്യാർത്ഥിനിയായ 19 കാരി ഒടുവിൽ പോലീസിന്റെ പിടിയിലായി

ഇൻഡോർ: അഞ്ച് പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന് പരാതി നൽകിയ 19 കാരിയായ കോളജ് വിദ്യാർത്ഥിനി ഒടുവിൽ പോലീസിന്റെ പിടിയിലായി.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ പെൺകുട്ടി സ്വയം മുറിവേൽപിക്കുകയും വ്യാജ പരാതി നൽകുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പരാതിയിൽ പ്രതിയായി പറഞ്ഞ ഒരാൾ പെൺകുട്ടിയുടെ മുൻ കാമുകനായിരുന്നു എന്നും പോലീസ് പറയുന്നു. കുത്തേറ്റ മുറിവുമായി ആശുപത്രിയിലാണ് വിദ്യാർത്ഥിനി ഇപ്പോഴുള്ളത്. വ്യാജ കേസ് ഫയൽ ചെയ്യാനുള്ള കാരണം പെൺകുട്ടി ഇതുവരെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.

കുത്തേറ്റ മുറിവ് പോലും സ്വയം വരുത്തിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ അവകാശവാദങ്ങൾ തികച്ചും പൊരുത്തമില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് ഇൻഡോർ പോലീസ് കണ്ടെത്തുകയായിരുന്നു. വ്യാജ കേസ് രജിസ്റ്റർ ചെയ്തതിന് പോലീസ് പെൺകുട്ടിക്കെതിരെ കേസ് ഫയൽ ചെയ്തതായി പോലീസ് പറഞ്ഞു.

പെൺകുട്ടിയും പ്രധാന പ്രതിയും പ്രണയത്തിലാണെന്നും ഒരേ പ്രദേശത്താണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച (19/01/21) തന്നെ രണ്ടുപേർ തട്ടിക്കൊണ്ടുപോയെന്നും അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നുമായിരുന്നു പരാതി. ‘ബലാൽസംഗ ശേഷം അവർ തന്നെ കുത്തി, ഒരു ചണ ബാഗിൽ ഇട്ടു, ശേഷം ഒരു റെയിൽവേ ട്രാക്കിൽ എറിഞ്ഞു. പിന്നീട് ചാക്കിൽ നിന്നും താൻ രക്ഷപെട്ടു, ചില നാട്ടുകാരുടെ സഹായത്തോടെ ഇൻഡോറിലെ എം വൈ ആശുപത്രിയിലെത്തി ‘ പരാതിയിൽ പെൺകുട്ടി പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി 150 ഓളം സിസിടിവികളുടെ ഫൂട്ടേജുകൾ പരിശോധിച്ചതായും പാർദെഷിപുര മുതൽ ബംഗാംഗ വരെയുള്ള റെയിൽ‌വേ ട്രാക്കുകളിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായും ഇൻഡോർ ഐ ജി ഹരിനാരായണ ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ 182/211 വകുപ്പ് പ്രകാരം പെൺകുട്ടിക്കെതിരെ കേസെടുക്കുമെന്നും സുഖം പ്രാപിച്ച ശേഷം ഇത്തരമൊരു കേസ് ഫയൽ ചെയ്യാനുള്ള കാരണങ്ങൾ പോലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →