ന്യൂ ഡല്‍ഹി:റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍. നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ഷക സംഘടനകളുടെ കൊടിക്കൊപ്പം ദേശീയ പതാകയും ട്രാക്ടറില്‍ കെട്ടുമെന്നും, ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും കൊടി ഉപയോഗിക്കില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ന്യൂ ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നും സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉള്‍പ്പടെ നാല്‍പ്പതുപേരെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതിനെ കര്‍ഷക സംഘടനാ നേതാക്കള്‍ വിമര്‍ശിച്ചു. നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റീസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് നിര്‍സ ഉള്‍പ്പടെയുളളവരെ വിളിച്ചുവരുത്തിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന ക്രൂരമായ നടപടികളാണ് ഉണ്ടാകുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു. സമരവുമായി സഹകരിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ഒരു കര്‍ഷക നേതാവ് പറഞ്ഞു. എന്‍ഐഎ സ്വീകരിച്ച നടപടികളെ ഞങ്ങള്‍ അപലപിക്കുകയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് അടിച്ചമര്‍ത്തലിന്‍റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നതിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. രാജ്യത്തിന് അപമാനകരമാവും എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ആയിരം ട്രാക്ടറുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകര്‍ അകാശപ്പെടുന്നത്. റാലി സമാധാനപരമായിരിക്കുമെന്നും, രാജ്പഥില്‍ നടക്കുന്ന പരേഡിനെ തടസപ്പെടുത്തില്ലെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ റിപ്പബ്ലിക്കദിന പരേഡിന് തടസം സൃഷ്ടിക്കില്ല . ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക നേതാക്കളില്‍ ഒരാള്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നഗരത്തിന് ചുറ്റുമുളള ഔട്ടര്‍ റിംഗ് റോഡിലൂടെയാവും അമ്പത് കിലോമീറ്റര്‍ നീളമുളള ട്രാക്ടര്‍ റാലി സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, ഹരിയാണ പോലീസ് സേന റാലിയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ പരേഡ് സമാധാനപരമായിരി്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.,