കിട്ടിയത് എട്ടിന്റെ പണി: മെയ് മാസം വരെ സ്വകാര്യതാ നയം നടപ്പാക്കില്ല: വിശദീകരണവുമായി വാട്‌സ് അപ്പ്

ന്യൂയോര്‍ക്ക്: പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. വാട്സ്ആപ്പ് ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡായി തുടരുമെന്നും കമ്പനി വ്യക്തമാക്കി.വാട്‌സ്ആപ്പ് പ്രൈവസി പോളിസി പുതുക്കുന്നുവെന്ന അറിയിപ്പ് നല്‍കിയതിന് പിന്നാലെ ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെസേജിംഗ് ആപ്ലിക്കേഷനുകളായ സിഗ്നല്‍, ടെലഗ്രാം അടക്കമുള്ളവയുടെ ഡൗണ്‍ലോഡിംഗില്‍ വര്‍ധനവ് ഉണ്ടായിരുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ മികച്ച സൗജന്യ മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ സിഗ്നല്‍ പ്രൈവറ്റ് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഒന്നാമതാവുകയും വാട്‌സ്ആപ്പ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി വാട്‌സ് അപ്പ് എത്തിയത്.വാട്സ്ആപ്പ് വരിക്കരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്സൈറ്റുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നതാണ് വാട്സ്ആപ്പ് പ്രൈവസി പോളിസിയില്‍ കൊണ്ടുവരുന്ന മാറ്റം. ഇത്തരം വിവരങ്ങള്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ളവയ്ക്ക് പങ്കുവയ്ക്കുമെന്നും പുതിയ നയത്തില്‍ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →