കളമശേരി: മെഡിക്കല്‍ കോളേജ് റോഡില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് ഒരാള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ആലുവാ ചൂര്‍ണ്ണിക്കര ആലംപറമ്പില്‍ സബ്ദര്‍ (31) പോലീസിന് കീഴടങ്ങി. കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. വ്യാഴാഴ്‌ച രാത്രി മെഡിക്കല്‍ കോളേജ് റോഡിലാണ് സംഭവം അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കളമശേരി കൈപ്പടമുകളില്‍ അയ്യമ്പ്രാത്ത് വീട്ടില്‍ അബ്ദുള്‍ നാസര്‍ (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സെയ്‌ദ് മുഹമ്മദ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
അപകടശബ്ദം കേട്ടാണ് പ്രദേശവാസികള്‍ ഓടിക്കൂടിയത്. സ്ഥലത്തെത്തിയ ഷിനാസും, സൂഫിയാനും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇതിനിടെ അപകടത്തില്‍ പെട്ട കാര്‍ സംഭവസ്ഥലത്തുനിന്നും നീക്കാന്‍ പോലീസ് നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞു. കാര്‍ ഓടിച്ച ആളെ പിടികൂടാതെ കാര്‍ സ്ഥലത്തുനിന്നും നീക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. സ്‌കൂട്ടറിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ കുറ്റിക്കാട്ടിലാണ് പോയി നിന്നത്. ഗതാഗത തടസങ്ങള്‍ ഒന്നും ഇല്ലാതെ കിടന്ന കാറാണ് രാത്രിയില്‍ തന്നെ ക്രെയിന്‍ എത്തിച്ച് നീക്കാന്‍ പോലീസ് ശ്രമിച്ചത്. തുടര്‍ന്ന പിറ്റേദിവസം രാവിലെയും ശ്രമം നടന്നതായി നാട്ടുകാര്‍ പറഞ്ഞു.
പിന്നീട് ഉച്ചയോടെ കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. അപകടം ഉണ്ടാക്കിയ കാറിനകത്ത് ഒഴിഞ്ഞ മദ്യകുപ്പിയും ഗ്ലാസും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അബ്ദുള്‍ നാസറിന്‍റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം തൃക്കാക്കര ജുമാ മസ്‌ജിദ് ഖവര്‍സ്ഥാനില്‍ ഖബറടക്കി.