സംസ്ഥാന ബജറ്റ്; മത്സ്യ മേഖലയ്ക്ക് 1500 കോടി രൂപ; കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി

തിരുവനന്തപുരം: മത്സ്യ മേഖലയിൽ 1500 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിൽ 250 കോടി രൂപ വാർഷിക പദ്ധതിയിൽ നിന്നായി വകയിരുത്തും. കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി രൂപ ചെലവഴിക്കും. ആശുപത്രികൾക്കും സ്കൂളുകൾക്കുമായി 150 കോടി രൂപയും ചെലവഴിക്കും.

ആഴക്കടൽ മത്സ്യബന്ധനത്തിന് 100 യാനങ്ങൾക്ക് വായ്പ നൽകും. 25 ശതമാനം സബ്സിഡിയിൽ വായ്പ അനുവദിക്കും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. ഇതിന് 25 കോടി രൂപ വകയിരുത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കും. മണ്ണെണ്ണ എഞ്ചിനുകൾ പെട്രോൾ എഞ്ചിനുകളാക്കാൻ സാമ്പത്തിക സഹായം നൽകും. ഓൺലൈൻ വ്യാപാരത്തിനായി ഇ-ഓട്ടോറിക്ഷ വാങ്ങാൻ മത്സ്യഫെഡിന് 10 കോടി രൂപ അനുവദിക്കും.

ഉൾനാടൻ മത്സ്യബന്ധനത്തിനും മത്സ്യകൃഷിക്കും വേണ്ടി 92 കോടി രൂപ. ചെറുകിട ഇൻബോർഡ് യന്ത്രവൽകൃത വള്ളങ്ങൾക്കും ഇന്ധന സബ്സിഡി നൽകുന്നതിനായി 10 കോടി രൂപ വകയിരുത്തി. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന തൊഴിൽ ഉപകരണങ്ങൾ വാങ്ങാൻ മത്സ്യഫെഡ് വഴിയുള്ള വായ്പകൾക്ക് 25 ശതമാനം സബ്സിഡി സർക്കാർ നൽകും. കക്ക സംഘങ്ങൾക്ക് പ്രത്യേക ധനസഹായമായി 3 കോടി രൂപയും പ്രതിഭാതീരം പദ്ധതിക്കുവേണ്ടി 10 കോടി രൂപയും വകയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →