തിരുവനന്തപുരം: മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകടന്ന് വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. അടിമലത്തുറ അമ്പലത്തുംമൂല ജൂബിലി നഗര്‍ റീന ഹൗസില്‍ അനീഷി(25) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
2020 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. അടിമലത്തുറ സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ അനീഷ് ഉള്‍പ്പെടുന്ന പത്തംഗസംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകടന്നാണ് ആക്രമണം നടത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാര്‍ട്ടിയെയും സംഘം തടഞ്ഞിരുന്നു. അടിമലത്തുറ പള്ളിയില്‍നിന്ന് ധനസഹായം നിരസിച്ചത് സംബന്ധിച്ചുള്ള വിരോധമാണ് അതിക്രമം ഉണ്ടാകാനുള്ള കാരണം. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളില്‍ അലോഷ്യസ് (32), സേവ്യര്‍ (38) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീണ്‍, എസ്.ഐ സജി, സി.പി.ഒമാരായ കൃഷ്ണകുമാര്‍, അജികുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

