ജക്കാർത്ത: ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്നിപർവ്വതം പുകയാൻ തുടങ്ങിയതിനാൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകി. ഇതോടെ മഗേലംഗ് ജില്ലയിലെ ഈ പർവതത്തിന്റെ വശങ്ങളിൽ താമസിക്കുന്ന അഞ്ഞൂറിലധികം പേരെ പ്രാദേശിക അധികാരികൾ ഒഴിപ്പിച്ചു.
ജനുവരി 7 ന് വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞ് അഗ്നിപർവ്വതത്തെ മൂടുകയായിരുന്നു. ജിയോളജിക്കൽ ഡിസാസ്റ്റർ ടെക്നോളജി റിസർച്ച് ആന്റ് ഡവലപ്മെന്റ് സെന്ററിൽ നിന്നുള്ള ആംപ്ലിറ്റ്യൂഡ് റെക്കോർഡും സീസ്മിക് റെക്കോർഡിംഗ് ഡാറ്റയും ഗർത്തത്തിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിൽ ചൂടുള്ള പുക മേഘങ്ങൾ വ്യാപിച്ചതായി കണക്കാക്കിയിട്ടുണ്ട്.
“ഇതുവരെ, അപകട സാധ്യത 5 കിലോമീറ്ററിൽ കൂടുതലല്ല,” യോഗകാർട്ടയുടെ അഗ്നിപർവ്വത-ജിയോളജിക്കൽ ഹാസാർഡ് ലഘൂകരണ കേന്ദ്രത്തിന്റെ തലവൻ ഹാനിക് ഹുമൈദ പ്രസ്താവനയിൽ പറഞ്ഞു.
2,968 മീറ്റർ ഉയരമുള്ള അഗ്നിപർവ്വതം യോഗകാർത്ത നഗര കേന്ദ്രത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ്. അഗ്നിപർവ്വതത്തിന്റെ 10 കിലോമീറ്റർ പരിധിക്കുള്ളിൽ കാൽലക്ഷം ആളുകൾ താമസിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നത്.
2010 ൽ ഈ അഗ്നിപർവതത്തിൽ ഉണ്ടായ അവസാനത്തെ വലിയ സ്ഫോടനത്തിൽ 347 പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് 20,000 ഗ്രാമീണരെയാണ് ഒഴിപ്പിച്ചത്. 250 ദശലക്ഷത്തിലധികം ജനങ്ങളുള്ള ദ്വീപസമൂഹമായ ഇന്തോനേഷ്യ ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വത സ്‌ഫോടനങ്ങൾക്കും ധാരാളമായി സാധ്യതയുള്ള മേഖലയാണ്.

