കൊച്ചി: ഉദ്ഘാടനം നടന്നിട്ടില്ലാത്ത വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കയറ്റിവിട്ട കേസില്‍ കൂടുതല്‍ പേര് അറസറ്റിലായി. എറണാകുളം തമ്മനം സ്വദേശി ആന്റണി ആല്വിന്, കളമശേരി സ്വദേശി സാജന്, മട്ടാഞ്ചേരി സ്വദേശി ഷക്കീര്‍ അലി എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ നാല് വിഫോര്‍ കേരള പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രവര്‍ത്തകരുടെ അറസറ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് വിഫോര്‍ കേരള ആരോപിച്ചു.
വിഫോര്‍ കൊച്ചി നേതാവ് നിപുന്‍ ചെറിയാന്, സൂരജ്, ആന്‍ജലോസ്, റാഫേല്‍ എന്നിവരെയാണ് ഇന്നലെ (6.1.2021)പോലീസ് അറസറ്റ് ചെയ്തിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ നിര്‍ണ്ണായക ശക്തി തെളിയിച്ച തങ്ങളെ ഇല്ലാതാക്കാനുളള സിപിഎം നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് വിഫോര്‍ കേരള ആരോപിച്ചു. ഇതിന്റെ ഉദാഹരണമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെതിരെ രംഗത്തെത്തിയതെന്നും ഇവര്‍ പറയുന്നു.
ഉദ്ഘാടനത്തിന് മുമ്പെ പാലം തുറന്നുകൊടുത്തതിന് സമൂഹ മാദ്ധ്യമങ്ങളില്‍ വന്‍ പിന്തുണ ലഭിച്ചിരുന്നു. അതും രാഷ്ട്രീയക്കാരുടെ അതൃപ്തിക്ക് കാരണമായി. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി നേടിയതുപോലെ കൊച്ചിനഗരസഭയിലും ഭരണത്തിലെത്തുകയായിരുന്നു വിഫോര്‍ കേരളയുടെ ലക്ഷ്യം. ഇതിന് തടയിടാനാണ് സിപിഎം നീക്കമെന്നും ഇവര്‍ ആരോപിച്ചു. പാലം ഉദ്ഘാടനം വൈകുന്നുവെന്നാരോപിച്ച് ഡിസംബര്‍ 31 ന് വിഫോര്കേരള സമരം നടത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരണവും നടത്തി. ഇതാണ് കൂട്ടായ്മയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ കാരണം.
പ്രധാന നേതാക്കളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പടെ സംഭവസ്ഥലത്താണെന്നും പോലീസ് കണ്ടെത്തി. പാലത്തില്‍ ഒന്നരലക്ഷം രൂപക്കുമുകളില്‍ നാശനഷ്ട മുണ്ടാക്കിയെന്ന് പൊതുമരാമത്ത് വകുപ്പും പോലീസില്‍ പരാതി നല്കി. നഷ്ടത്തിന്റെ കണക്ക് ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിണ്ട്. കഴിഞ്ഞ ആഴ്ചയാണ് പാലത്തില്‍ ഭാരപരിശോധന നടത്തിയതെന്നും അവസാനഘട്ട മിനുക്കുപണികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് ഉദ്ഘാടനം ശനിയാഴ്ചത്തേക്ക് മാറ്റിയതെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.