തൃശൂര്‍ : വിയ്യൂര്‍ വനിതാ ജയിലില്‍ യു.എ.പി.എ കേസിലെ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. എന്‍.ഐ.എ കോടതി ശിക്ഷിച്ച ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തിയ കേസിലെ മുഖ്യപ്രതിയാണ് യാസ്‌മിന്‍.
കാസര്‍ഗോഡ് സ്വദേശികളായ 15 യുവാക്കളെ ഐഎസില്‍ ചേര്‍ക്കാന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ സംഭവത്തില്‍ 2016 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാസര്‍ഗോഡ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇവർ.
2018 മാര്‍ച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്. ഐസിസ് ബന്ധമാരോപിച്ച് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിചാരണ പൂര്‍ത്തിയായ ആദ്യ കേസ് ഇതാണ്. കേസ് തീവ്രവാദ സ്വഭാവമുള്ളതായി കണ്ടെത്തിയാണ് എന്‍.ഐ.എ ഏറ്റെടുത്തത്.
കേരളാ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.
2016 ജൂലായ് 30 ന് യാസ്‌മിന്‍ തന്‍റെ മകനോടൊപ്പം അഫ്ഗാനിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്.
ഒന്നാം പ്രതി തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിന്‍. നിലവിൽ അബ്ദുള്‍ റാഷിദ് അഫ്ഗാനിസ്ഥാനിൽ തുടരുകയാണ്.

