തിരുവനന്തപുരം: ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ജീവനക്കാരനെ ആക്രമിച്ച
കേസിലെ പ്രതികളിൽ ഒരാൾ പിടിയില്‍. വെങ്ങാനൂര്‍ കെ.എസ് റോഡില്‍ പനിന്നവിള വീട്ടില്‍ സൂരജിനെയാണ് (19) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.വിഴിഞ്ഞം വെങ്ങാനൂര്‍ അമരിവിള ജങ്ഷന് സമീപമുള്ള ഹോട്ടലാണ് ഇയാൾ തകർത്തത്.
കേസിലെ ഒന്നും രണ്ടും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. പിടിയിലായ സൂരജ് മൂന്നാംപ്രതിയാണ്.
മോഹന്‍കുമാര്‍ എന്നയാൾ നടത്തുന്ന ഹോട്ടലാണ് പ്രതികൾ അടിച്ച് തകർത്തത്.
ഹോട്ടലില്‍ നിന്നും വാങ്ങിയ കറിയ്ക്ക് രുചി കുറവാണെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടർന്ന്
അടുക്കള ഭാഗത്തിലൂടെ പ്രതികൾ അതിക്രമിച്ച് കയറി. ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും അടിച്ച് നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് ഹോട്ടല്‍ ജീവനക്കാരനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സാമൂഹിക വിരുദ്ധരുടെ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീണ്‍ കുമാര്‍, എസ്.ഐമാരായ സജി എസ്.എസ്, തിങ്കള്‍ ഗോപകുമാര്‍, എസ്.സി.പി.ഒ സജന് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

