ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ കൊവിഡ് വാക്സിന് കൊവിഷീല്‍ഡ് വരും ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അദാര്‍ പൂനവല്ല. വാക്സിന് നിര്‍മാണത്തിന് പിന്തുണ നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന്, ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ എന്നിവര്‍ക്കും അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
രാജ്യത്ത് കൊവിഡിനെ നേരിടാന്‍ രണ്ട് വാക്സിനുകള്‍ക്കാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അനുമതി നല്‍കിയിരിക്കുന്നത്. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് എന്നിവയ്ക്കാണ് ഉപാധികളോടെ അനുമതി നല്‍കിയത്. വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിസിജിഐയുടെ തീരുമാനം. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്സിനാണ് കൊവിഷീല്‍ഡ്. 70.42 ശതമാനമാണ് കൊവിഷീല്‍ഡിന്റെ ഫലപ്രാപ്തി.