ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കോതണ്ടപാണി ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ച കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭം ശക്തമാക്കി. സമരം നടത്തിവന്ന ബി ജെ പി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു.
ക്ഷേത്രത്തിലെ ശ്രീരാമന്റെ വിഗ്രഹം നശിപ്പിച്ച കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആറ് ദിവസമായി രാമതീർത്ഥത്തിൽ ബിജെപി നേതാക്കൾ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു. ആന്ധ്ര ബിജെപി എക്സിക്യൂട്ടീവ് അംഗം നടുക്കുടിറ്റി ഈശ്വര റാവുവും മറ്റ് 12 പേരും ഞായറാഴ്ച (03/01/21) പുലർച്ചെയാണ് അറസ്റ്റിലായത്.
സംസ്ഥാന മന്ത്രിമാരായ വെല്ലമ്പള്ളി ശ്രീനിവാസ റാവുവും ബോച്ച സത്യനാരായണനും ഞായറാഴ്ച(03/01/21) രാവിലെ 11 മണിയോടെ ക്ഷേത്രത്തിൽ സന്ദർശനം നടത്തി.
ഡിസംബർ 25 വെള്ളിയാഴ്ച രാത്രിയാണ് അജ്ഞാതർ രാമവിഗ്രഹം തകർത്തത്. വിഗ്രഹത്തിലെ ഭാഗങ്ങൾ ക്ഷേത്രത്തിനു ചുറ്റും പലയിടത്തായി കൊണ്ടിട്ട നിലയിലായിരുന്നു.
ആന്ധ്രയിൽ ഒന്നിലധികം ഇടങ്ങളിൽ സമാനമായ വിഗ്രഹം തകർക്കലുകൾ സമീപ ദിവസങ്ങളിൽ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. വിഗ്രഹം തകർക്കൽ വലിയ രാഷ്ട്രീയ വിവാദമായി സംസ്ഥാനത്ത് മാറിയിട്ടുണ്ട്.

