ഹൈദരാബാദ്: ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ ഒരു ചൈനീസ് സ്വദേശിയെ കൂടി തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ചൈനാക്കാരുടെ എണ്ണം മൂന്നായി. ചൈനീസ് സ്വദേശിയായ ലാംബോയും സഹായിയുമാണ് അറസ്റ്റിലായത്. 1.12.2020 ബുധനാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളം വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. രണ്ട് ചൈനീസ് സ്വദേശികളുള്‍പ്പെടെ 29 പേരെ നേരത്തെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
35 ശതമാനം വരെ പലിശ വാങ്ങിയിരുന്ന ആപ്പുകള്‍ വഴി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് പേരാണ് വായ്പയെടുത്തത്.
തിരിച്ചടവ് മുടക്കിയവരെ കമ്പനി അധികൃതര്‍ ഭീഷണിപ്പെടുത്തുകയും പതിവായിരുന്നു, സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് ഇടപാടുകാരെ അപകീര്‍ത്തി പെടുത്തിയതിനെ തുടര്‍ന്ന് നാലുപേര്‍ ആത്മഹത്യ ചെയ്തതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
ഹൈദരാബാദ് കേന്ദ്രീകരിച്ച് നാല് ആപ്പുകള്‍ വഴി അമിത പലിശ ഈടാക്കി വായ്പ നല്‍കിയിരുന്ന കമ്പനിയുടെ മേധാവിയായ ലാംബയും കുര്‍ണൂല്‍ സ്വദേശി നാഗാര്‍ജുന്‍ എന്ന സഹായിയുമാണ് പിടിയിലായത്.
ഈ ആപ്പുകള്‍ വഴി 21000 കോടി രൂപയുടെ ഇടപാടുകളാണ് ആറുമാസത്തിനകം ഇവർ നടത്തിയത്. ഇത്തരം കമ്പനികള്‍ നിയന്ത്രിച്ചിരുന്ന കൂടുതല്‍ ചൈനാക്കാര്‍ ഇനിയും പിടിയിലാകാനുണ്ടെന്നും പലരും രാജ്യം വിട്ടതായി സംശയമുണ്ടെന്നും തെലങ്കാന പോലീസ് അറിയിച്ചു. ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് 37 കേസുകളാണ് തെലങ്കാനയില്‍ മാത്രം ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
പ്ലേസ്റ്റോറില്‍ നിന്നും തട്ടിപ്പ് പദ്ധതിയിട്ട 200 ആപ്പുകള്‍ നീക്കം ചെയ്യാനായി ഗൂഗിളിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഹൈദരാബാദ് പോലീസ് അറിയിച്ചു.

