നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക: പേര് ചേര്‍ക്കാന്‍ ഇതുവരെ ലഭിച്ചത് 5.38 ലക്ഷം അപേക്ഷകള്‍

തിരുവനന്തപുരം: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്നുകൂടി (ഡിസംബര്‍ 31) അപേക്ഷിക്കാം. അന്തിമ വോട്ടര്‍പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  

നവംബര്‍ 16ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷം പേരുചേര്‍ക്കാന്‍ ഇതുവരെ ലഭിച്ചത് 5,38,309 അപേക്ഷകളാണ്. അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചാലും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്ന പ്രക്രിയ തുടരും. ഡിസംബര്‍ 31ന് ശേഷം ചേര്‍ക്കുന്നവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതിക്ക് 10 ദിവസം മുമ്പ് സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കും.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും www.voterportal.eci.gov.in  സന്ദര്‍ശിക്കണം. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ് വഴിയും പേര് ചേര്‍ക്കാം.  വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് www.ceo.kerala.gov.in    വെബ്‌സൈറ്റ് വഴി പരിശോധിക്കാം.

2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സു തികയുന്ന എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. അര്‍ഹരായ എല്ലാവരും പട്ടികയില്‍ പേര് ചേര്‍ക്കാനും വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടിക പ്രകാരം 2,63,08,087 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിന് 25,041 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പോളിംഗ് ബൂത്തുകളില്‍ വര്‍ധനവുണ്ടാകും. 15,000 അധിക ബൂത്തുകള്‍ ഇത്തവണ വേണ്ടിവരും. ബൂത്തുകള്‍ വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ വിന്യാസവും അധികം വോട്ടിംഗ് മെഷീനുകളും ആവശ്യമായിവരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനായി 51,000 ല്‍ അധികം വോട്ടിംഗ് മെഷീനുകള്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ളതിനു പുറമേ മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നും മെഷീന്‍ ലഭ്യമായിട്ടുണ്ട്. മെഷീനുകളുടെ ആദ്യഘട്ട പരിശോധന 28 മുതല്‍ വിവിധ ജില്ലകളില്‍ നടന്നുവരുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ജില്ലകളില്‍ മെഷീന്‍ പരിശോധനകളില്‍ പങ്കെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.

80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമൊരുക്കും. ജില്ലകളില്‍ കളക്ടര്‍മാരോട് ഇവരുടെ പ്രത്യേക പട്ടിക തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9636/Voters-List.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →