ന്യൂഡൽഹി: സുപ്രധാന അവസരങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് നിന്ന് വിട്ടുനിൽക്കുകയാണെന്നും ഇപ്പോൾ 2021 ലെ പുതുവർഷാഘോഷത്തിനായി അദ്ദേഹം വീണ്ടും വിദേശത്തേക്ക് പോയിരിക്കുകയാണെന്നും ബിജെപി. രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനങ്ങളിൽ ബിജെപിക്ക് പരാതിയൊന്നുമില്ലെന്നും പാർട്ടിയുടെ ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു.
“രാഹുൽ ഗാന്ധിക്ക് എവിടെയും പോകാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ വിദേശ സന്ദർശനത്തിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ സുപ്രധാന അവസരങ്ങളിൽ അദ്ദേഹം സ്ഥിരമായി രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുന്നു. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ഗൗരവവും താൽപ്പര്യവും ഇത് കാണിക്കുന്നു. അദ്ദേഹം സ്വയം കർഷകരുടെ നേതാവെന്ന് വിളിക്കുന്നു, പക്ഷേ കാർഷിക ബില്ലുകൾ പാസാക്കിയപ്പോൾ അദ്ദേഹം പാർലമെന്റ് ഒഴിവാക്കി. ഇപ്പോൾ കർഷകർ പ്രതിഷേധിക്കുമ്പോൾ അദ്ദേഹം വിദേശ സന്ദർശനം നടത്തുന്നു.” ഹുസൈൻ പറഞ്ഞു.
” 2014 ൽ കോൺഗ്രസിൻ്റെ പരാജയത്തിനുശേഷം രാഹുൽ ഗാന്ധി വിദേശ സന്ദർശനം നടത്തി. പാർട്ടി പ്രവർത്തകർ ദു:ഖിതരാണെങ്കിലും അദ്ദേഹം അവരെ വിട്ട് അന്ന് വിദേശത്തേക്ക് പോയി. 2015 ൽ തെക്ക്-കിഴക്കൻ ഏഷ്യയിൽ 60 ദിവസത്തെ അവധിക്കാലം ആഘോഷിച്ചു. 2016 ജൂണിലും പിന്നീട് അതേ വർഷം ഡിസംബറിലും 2017 ൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും അദ്ദേഹം നാടുവിട്ടു. യുകെയിൽ പത്ത് ദിവസം ചെലവഴിച്ചു. 2019 ഒക്ടോബറിൽ മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി വിദേശ സന്ദർശനം നടത്തി. 2021 അടുക്കുമ്പോൾ പുതുവർഷാഘോഷത്തിനായി അദ്ദേഹം വീണ്ടും വിദേശത്തേക്ക് പോയി, ” ഷാനവാസ് ഹുസൈൻ കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങൾ പ്രതിപക്ഷത്തെ ഗൗരവമായി കാണുന്നുവെന്ന് ഹുസൈൻ പറഞ്ഞു, എന്നാൽ കോൺഗ്രസ് രാഷ്ട്രീയം ഗൗരവമായി കാണുന്നുണ്ടോ എന്ന് ചോദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കോൺഗ്രസ് നേതാക്കൾ സ്ഥാപക ദിനം ആഘോഷിക്കുന്ന സമയത്താണ് രാഹുൽ വിദേശത്തേക്ക് പോയത്.”ഷാനവാസ് ഹുസൈൻ പറഞ്ഞു.