പത്തനംതിട്ട: മല്ലപ്പള്ളിയിൽ പാസ്റ്റര്‍ ചമഞ്ഞ് ആളുകളില്‍നിന്ന് വീടുവെച്ച് നല്‍കുന്നതിനും ജോലി വാഗ്ദാനം ചെയ്തും സ്വര്‍ണവും പണവും തട്ടിയെടുത്തയാള്‍ പിടിയില്‍.
തിരുവല്ല കാവുംഭാഗം അടിയടത്തുചിറ ചാലക്കുഴിയില്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ സതീഷ് കുമാർ (38) ആണ് കീഴ് വായ്പൂര് പൊലീസിൻ്റെ പിടിയിലായത്.
ആളുകളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം വിവിധ പള്ളികളുടെ നേതൃത്വത്തിന് വീടുവെച്ച് നല്‍കുന്നുണ്ടെന്ന് പറഞ്ഞ് പണം തട്ടുകയാണ് ചെയ്യാറുള്ളത്. പല പള്ളികളുടെ പേരില്‍ രേഖകള്‍ ഉണ്ടാക്കിയാണ് ആളുകളെ വിശ്വാസിപ്പിക്കുന്നത്.
ആനിക്കാട്, നൂറോന്മാവ് പ്രദേശങ്ങളില്‍ വിവിധ ആളുകളുടെ കൈയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. നൂറോന്മാവ് സ്വദേശിയില്‍നിന്ന് ആദ്യം രജിസ്ട്രേഷന് ഫീസായി 4500 രൂപ വാങ്ങുകയും തുടര്‍ന്ന് പലപ്പോഴായി 2,31,000 രൂപ കൈപ്പറ്റുകയും ചെയ്തു. അതേ സമയം തന്നെ ഇയാള്‍ നൂറോന്മാവ് സ്വദേശിയുടെ സുഹൃത്തുകളില്‍നിന്നും മറ്റുമായി 4,50,000 രൂപയോളം തട്ടിയെടുത്തു.
ഇതോടെ പണം വാങ്ങാനായി എത്തിയ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്പിക്കുകയായിരുന്നു. പ്രതിയുടെ വീട് പരിശോധിച്ചപ്പോള്‍ വ്യാജമായി ഉണ്ടാക്കിയ രജിസ്റ്ററുകളും പണമിടപാട് നടത്തിയ രേഖകളും കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുള്ളതായും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു
തിരുവല്ല ഡിവൈ.എസ്.പി രാജപ്പൻ്റെ നേതൃത്വത്തിൽ കീഴ്വായ്പൂര് ഇന്‍സ്പെക്ടര്‍ സി.ടി. സഞ്ജയ്, എസ്.ഐ സലിം, എ.എസ്.ഐ അജു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ പ്രവീണ്‍, ശശികാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.

