ജാര്‍ഖണ്ഡ്: നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയ്ക്ക് പകരം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കൊണ്ടുവരുന്ന വിള ദുരിതാശ്വാസ പദ്ധതിയായ കിസാന്‍ ഫസല്‍ റഹത്ത് യോജന ഉടന്‍ നിലവില്‍ വരും. കര്‍ഷകര്‍ക്കായുള്ള ഈ വിള ദുരിതാശ്വാസ പദ്ധതി ഡിസംബര്‍ 29ന് ആരംഭിക്കുമെങ്കിലും പ്രാബല്യത്തില്‍ വരാന്‍ മൂന്ന് മാസമെടുക്കും.
എന്താണ് ജാര്‍ഖണ്ഡ് കിസാന്‍ ഫസല്‍ റഹത്ത് യോജന?
പ്രകൃതിദുരന്തം മൂലം വിളനാശമുണ്ടായാല്‍ ജാര്‍ഖണ്ഡിലെ കര്‍ഷകര്‍ക്ക് സുരക്ഷാ പരിരക്ഷ നല്‍കുന്ന നഷ്ടപരിഹാര പദ്ധതിയാണിത്. ഭൂവുടമസ്ഥരും ഭൂരഹിതരുമായ കര്‍ഷകരെ പദ്ധതി ഉള്‍ക്കൊള്ളുന്നുണ്ട്. കൃഷി-മൃഗസംരക്ഷണ-സഹകരണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്ന ഏജന്‍സി. സാങ്കേതിക ആവശ്യങ്ങള്‍ പരിപാലിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രോജക്ട് മാനേജുമെന്റ് യൂണിറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക കൃഷി-മൃഗസംരക്ഷണ-സഹകരണ വകുപ്പായിരിക്കുമെന്ന് ചുരുക്കം. ”ഭക്ഷ്യ സുരക്ഷ, വിള വൈവിധ്യവത്കരണം, കാര്‍ഷിക മേഖലയിലെ ദ്രുതഗതിയിലുള്ള വികസനം, മത്സരത്തിന് വഴിയൊരുക്കുക” എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പ്രീമിയം അടയ്ക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയല്ല ഇതെന്നതാണ് പ്രധാന ആകര്‍ഷണം.
സംസ്ഥാനത്തെ കര്‍ഷക ജനസംഖ്യയും കാലാവസ്ഥയും?
ജാര്‍ഖണ്ഡില്‍ 38 ലക്ഷത്തോളം 38 ഹെക്ടറില്‍ കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ 25 ലക്ഷത്തോളം കര്‍ഷകര്‍ ചെറുകിട അല്ലെങ്കില്‍ നാമമാത്ര ഭൂവുടമകളാണെന്ന് സര്‍ക്കാര്‍ പറയുന്നു. ഈ വര്‍ഷം, സംസ്ഥാനത്ത് കൃഷിക്ക് മതിയായ മഴ ലഭിച്ചു, എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ (201719), മഴക്കാലത്ത് ശരാശരി മഴ വളരെ കുറവാണ്, യഥാക്രമം 13%, -27.8%, -20.9% ഇതായിരുന്നു മഴ അളവ്. ഇത്തരത്തില്‍ ക്രമരഹിതമായ മണ്‍സൂണ്‍ ഖാരിഫ് വിതയ്ക്കല്‍ കാലത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സംസ്ഥാനം ഒറ്റ വിള (നെല്ല്) സംസ്ഥാനമായതിനാല്‍, ഈ പദ്ധതി പ്രാഥമികമായി നെല്‍ കര്‍ഷകരെയാണ് ലക്ഷ്യമിടുന്നത്. കൂടാതെ, സംസ്ഥാനത്ത് വരള്‍ച്ച ആശങ്കാജനകമാണ്: 2018 ല്‍ 129 ബ്ലോക്കുകളെ വരള്‍ച്ച ബാധിച്ചപ്പോള്‍ 2019ല്‍ ഇത് 107 ആയിരുന്നു.
പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് പദ്ധതി വേണ്ടന്ന് വയ്ക്കുന്നത് എന്തുകൊണ്ട്?
എല്ലാ വര്‍ഷവും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രീമിയമായി ഒരു വലിയ തുക നല്‍കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജാര്‍ഖണ്ഡ് മൊത്തം 512.55 കോടി രൂപ നല്‍കിയപ്പോള്‍ നഷ്ടപരിഹാര ക്ലെയിം സെറ്റില്‍മെന്റ് 82.86 കോടി രൂപ മാത്രമാണ്, ഇത് മൊത്തം പ്രീമിയത്തിന്റെ 16 ശതമാനം മാത്രമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം 33.79 ലക്ഷം കര്‍ഷകരില്‍ 2.25 ലക്ഷം കര്‍ഷകര്‍ മാത്രമാണ് പദ്ധതിയുടെ പ്രയോജനം നേടിയത്. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ പകുതി സംസ്ഥാനം നല്‍കുന്നതിനാല്‍, നേരിട്ടുള്ള നഷ്ടപരിഹാരത്തിനായി ആ തുക ഉപയോഗിക്കാമെന്നും കൂടുതല്‍ കര്‍ഷകര്‍ക്ക് പുതിയ പദ്ധതി പ്രയോജനം ചെയ്യുമെന്നും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പറയുന്നു
വിളനാശം സംസ്ഥാനം എങ്ങനെ വിലയിരുത്തും, നഷ്ടപരിഹാരം എന്തായിരിക്കും?
സാമ്പിള്‍ നിരീക്ഷണ പ്രക്രിയയിലൂടെ വിളനാശം വിലയിരുത്തപ്പെടും. വിളവെടുപ്പിനു ശേഷമുള്ള കേടുപാടുകള്‍ കാഴ്ചയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ഇതിനായി വിവിധ തലങ്ങളില്‍ വിവിധ ഏകോപന സമിതികള്‍ രൂപീകരിക്കും. കൃഷിക്കാരില്‍ നിന്ന് ലഭിച്ച വിളനാശത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിംഗില്‍ ഗ്രാമസഭയ്ക്കാണ് മുഖ്യ പങ്ക്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍, ഭൂകമ്പങ്ങള്‍, സുനാമികള്‍, മറ്റ് ഭൗമശാസ്ത്ര പ്രക്രിയകള്‍ എന്നിവ പ്രകൃതിദുരന്തങ്ങളുടെ വിഭാഗത്തില്‍ പെടുന്നു- അതായത് ഇവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. അതേസമയം, കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍, അശാസ്ത്രീയമായ കൃഷി കൊണ്ടുള്ള അപകടങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ പരിഗണിക്കില്ല. നഷ്ടത്തെ ആശ്രയിച്ച് 0.1- 5 ഏക്കര്‍ ഭൂമിയ്ക്ക് 3000 രൂപ മുതല്‍ 3500 രൂപ വരെ നഷ്ടപരിഹാരം നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതി ലഭ്യമാക്കാന്‍ ഒരു കര്‍ഷകന്‍ എന്തുചെയ്യണം?
കൃഷിക്കാരന്‍ ആദ്യഘട്ടത്തില്‍ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കുകയോ, ആധാറിനായി അപേക്ഷിച്ചതിന്റെ രേഖ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം. കര്‍ഷകരെ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതിന് വിവിധ സന്നദ്ധ പ്രവര്‍ത്തകരെയും ഗ്രാമീണ മേഖലയില്‍ ഒന്നിലധികം കസ്റ്റമര്‍ സര്‍വീസ് പോയിന്റ് ഓപ്പറേറ്റര്‍മാരെയും പരിശീലിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൃഷിക്കാരുടെ കൈവശമുള്ള ഭൂമി, വിളയുടെ പേര്, വിളവിറക്കുന്ന സ്ഥലത്തിന്റെ അളവ്, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഗ്രാമസഭ പരിശോധിച്ചുറപ്പിക്കണം. രജിസ്‌ട്രേഷന് ശേഷം, കര്‍ഷകന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു കോഡ് അയയ്ക്കും. അതോടെ കര്‍ഷകന്‍ പദ്ധതിയുടെ ഭാഗമാവും.

