കോഴിക്കോട്: കാഞ്ഞങ്ങാട് കൊലചെയ്യപ്പെട്ട അബ്ദുള്‍റഹ്മാന്‍ ഔഫിന്റെ ജനാസയില്‍ പാര്‍ട്ടിപതാക പുതപ്പിച്ചതില്‍ കടുത്ത വിമര്‍ശനവുമായി എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി. ജീവിതകാലത്തില്‍ ഒരിക്കലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ആണ് മരണാനന്തരം നടന്നതെന്നും മരണാനന്തര ചടങ്ങുകളിലെ പാര്‍ട്ടിവല്‍ക്കരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നും എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ.പി മുഹമ്മദ് അഷ്‌ക്കര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സിപിഎം ഒരല്‍പ്പംകൂടി ഉയര്‍ന്ന് ചിന്തിക്കേണ്ടിയിരുന്നുവെന്നും അഷ്ഹര്‍ തന്റെ കുറിപ്പില്‍ പറഞ്ഞു.
സജീവ എസ് .വൈ.എസ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍റഹ്മാന്‍ ഔഫ് രാഷ്ട്രീയ വടംവലികളില്‍ തല്‍പ്പരനായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പാര്‍ട്ടിപതാക പുതപ്പിച്ച സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കാന്തപുരം നേതാക്കള്‍ തന്നെ രംഗത്തെത്തി. എസ്.വൈ.എസ് കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റംഗവും പ്രമുഖ എപി സുന്നി പ്രസിദ്ദീകരണവുമായ രിസാല വാരികയുടെ ചീഫ് സബ് എഡിറ്ററുമായ മുഹമ്മദലി കിനാലുരും വിമര്‍ശനം ഉന്നയിച്ചിരുന്നു. മരണാനന്തരമുളള അവകാശങ്ങളില്‍ ചിലത് ഔഫിന് നിഷേധിക്കപ്പെട്ടതായും മുഹമ്മദലി കിനാലൂര്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ചുവെന്ന തെറ്റിനാണ് ലീഗുകാര്‍ ഔഫിനെ കൊന്നുതളളിയതെന്നും, കുടുംബത്തിന് സംരക്ഷണം ഉറപ്പുവരുത്തി സിപിഎം വിഷയം ഏറ്റെടുക്കുകയാണ് ഉണ്ടായതെന്നും അത് രാഷ്ട്രീയ മാന്യതയായി കണക്കാക്കാമെന്നും അഷ്ഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു.