കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സംഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്നും ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയവര്‍ നശിക്കുമെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ ക്ഷണിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്ര നിലപാടുള്ള മതരാഷ്ട്രവാദികളെ മാറ്റിനിര്‍ത്തണമെന്നാണ് സമസ്തയുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയത് പ്രാദേശികമായ കൂട്ടുകെട്ടാണെന്നാണ് യുഡിഎഫ് പറഞ്ഞത്. അത് യുഡിഎഫിന് ഗുണം ചെയ്യില്ല. നാടിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുകയും സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളെ അനുഭാവപൂർവം പരിഗണിക്കുകയും ചെയ്യുന്ന സർക്കാരാണ് നാട്ടിൽ ഉണ്ടാകേണ്ടത്. പിണറായി സർക്കാരിന്റെ പ്രവർത്തനം അത്തരത്തിൽ തൃപ്തികരമാണ് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കിയത് വാർത്തയായിരുന്നു. കോഴിക്കോട് ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള എല്ലാ മുസ്ലീം സംഘടനകളെയും വിളിച്ചിരുന്നു. ജില്ലയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

