ദില്ലി: പ്രശസ്ത നൃത്ത ചരിത്രകാരനും പണ്ഡിതനും നിരൂപകനുമായിരുന്ന സുനില്‍ കോത്താരി അന്തരിച്ചു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒരു മാസം മുന്‍പ് കൊവിഡ് സ്ഥിരികരിച്ചിരുന്ന അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ്. വടക്കന്‍ ഗുജറാത്തിലെ മധ്യകാല ക്ഷേത്രങ്ങളിലെ നൃത്ത ശില്പങ്ങളെക്കുറിച്ചുള്ള ഗവേഷണം നടത്തിയിട്ടുമുണ്ട്. ഗുജറാത്തിലെ ഖേഡ ജില്ലയില്‍ ജനിച്ച കോത്താരി ഔദ്യോഗിക ജീവിതം ആരംഭിച്ചത് ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടായിരുന്നു. നൃത്ത പഠനത്തിലേക്ക് തിരിയുന്നതിന് മുമ്പ് മുംബൈയിലെ സിഡെന്‍ഹാം കോളേജില്‍ കുറച്ചു കാലം പഠിപ്പിച്ചു. പിഎച്ച്ഡി പൂര്‍ത്തിയാക്കി. പിന്നാലെ ദക്ഷിണേന്ത്യയിലെ നൃത്ത നാടക പാരമ്പര്യത്തെക്കുറിച്ച് 1977ല്‍ നാട്യശാസ്ത്രത്തെക്കുറിച്ചും ബറോഡ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. വടക്കന്‍ ഗുജറാത്തിലെ മധ്യകാല ക്ഷേത്രങ്ങളിലെ നൃത്ത ശില്പങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്ന ഡി.ലിറ്റും നേടിയിട്ടുണ്ട്.2001ല്‍ രാജ്യം പത്മശ്രീ അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിനുള്ള സമഗ്ര സംഭാവനകള്‍ക്ക് 1995ല്‍ സംഗീത നാടക് അക്കാദമി അവാര്‍ഡും ലഭിച്ചു. 1961ല്‍ കുമാര്‍ ചന്ദ്രക്, 2012ല്‍ രഞ്ജിത്രം സുവര്‍ണ്ണ ചന്ദ്രക് അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഭരത നാട്യം: ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ആര്‍ട്ട്,ഒഡീസി: ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ആര്‍ട്ട്,കുച്ചിപുടി: ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ആര്‍ട്ട് രുക്മിണി ദേവിയുടെ ജീവചരിത്രം, കഥക്: ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ആര്‍ട്ട്, ഇന്ത്യന്‍ നൃത്തത്തില്‍ പുതിയ ദിശകള്‍ തുടങ്ങി നൃത്ത സംബന്ധിയായ എട്ടോളം പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
നൃത്ത പണ്ഡിതന് സുനില്‍ കോത്താരി അന്തരിച്ചു
