ബംഗളുരു : കോവിഡിൻ്റെ മാർഗനിർദേശങ്ങൾ ലംഘിച്ച് ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗളുരു നഗരത്തിൽ രാത്രി കാല കർഫ്യൂ കർശനമായി നടപ്പാക്കാൻ പൊലീസ് തീരുമാനിച്ചു. നഗരത്തിലും പരിസരത്തും കനത്ത പോലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്, കർഫ്യൂ 24/12/20 വ്യാഴാഴ്ച രാത്രി 11 മണി മുതൽ ആരംഭിക്കും. ജനുവരി 2 രാവിലെ 5 മണി വരെയാകും കർഫ്യൂ.
ഒരു പരിപാടിക്കും അനുമതി നൽകിയിട്ടില്ലെന്നും അനാവശ്യമായി നീങ്ങുന്ന ആളുകൾക്കെതിരെ കേസെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് പറഞ്ഞു.
പൊതുഗതാഗതം, അവശ്യവസ്തുക്കൾ വഹിക്കുന്ന ചരക്ക് വാഹനങ്ങൾ, എയർപോർട്ട് ടാക്സികൾ എന്നിവ അനുവദനീയമാണ്. എന്നാൽ രാത്രി കർഫ്യൂ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ആർക്കെതിരെയും ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മെഡിക്കൽ സ്റ്റോറുകൾ ഒഴികെ, ഷോപ്പുകളും വാണിജ്യ സ്ഥാപനങ്ങളും രാത്രി 11 മണിയോടെ ഷട്ടർ താഴ്ത്തണം. വാഹനങ്ങളും ആളുകളുടെ നീക്കങ്ങളും പരിശോധിക്കാൻ ക്യാമറകൾ സ്ഥാപിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. സെൻസിറ്റീവ് ഏരിയകളിലും പ്രധാന റോഡുകളിലും ഫ്ലൈ ഓവറുകളിലും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

