തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി അഭയയുടെ സഹോദരന്‍ ബിജു. ദൈവത്തോടും കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജഡ്ജിയോടും നന്ദി പറയുന്നെന്നാണ് ബിജു പറഞ്ഞത്.
കേരളത്തിലെ മാധ്യങ്ങള്‍ ഈ കേസില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും ജോമോന്‍ പുത്തന്‍പുരയ്ക്കലിനും നന്ദി അറിയിക്കുന്നെന്നും ബിജു പറഞ്ഞു.
എല്ലാവരുടെയും സഹകരണം കൊണ്ടാണ് കേസില്‍ വിധി വന്നിരിക്കുന്നത്. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും പ്രതികളാണെന്ന് കണ്ടെത്തിയതില്‍ ഒരുപാട് സന്തോഷം. ദൈവത്തിന്റെ ഇടപെടലുകൊണ്ടാണ് ഇത് നടന്നത്. എത്രയോ തവണ ഫയലുകള്‍ ക്ലോസ് ചെയ്തു, എന്നിട്ടും ഓരോരോ സാഹചര്യങ്ങള്‍ കൊണ്ട് കേസ് പരിഗണിക്കപ്പെട്ടു.
എന്നെയും എന്റെ കുടുംബത്തെയും സഹായിച്ച നിരവധി ആളുകളുണ്ട്. ഞങ്ങളെ പള്ളിയിലുള്ളവരല്ലെങ്കിലും ഈ കേസ് തെളിയണമെന്നാഗ്രഹിച്ച പള്ളീലച്ചന്മാരും സിസ്റ്റര്‍മാരുമുണ്ട്, അവര്‍ക്കൊക്കെ നന്ദി.
ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷമെടുത്തത്. ഞങ്ങള്‍ക്കൊപ്പം നിന്ന ജനങ്ങള്‍ക്കും നന്ദി പറയുന്നു. കേസില്‍ അന്തിമ തീരുമാനം വന്നതില്‍ സന്തോഷം തോന്നുന്നുവെന്നും ബിജു പറഞ്ഞു.
തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും കണ്ടെത്തിയത്.

