പാലക്കാട് നഗരസഭയ്ക്ക് പുറത്ത് ദേശീയപതാകയേന്തി ഭരണഘടന വായിച്ച് സി.പി.ഐ.എം, ജയ് ശ്രീരാം വിളിച്ച് ബി.ജെ.പി,

പാലക്കാട്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പാലക്കാട് സി.പി.ഐ.എം- ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച സി.പി.ഐ.എം പ്രവര്‍ത്തകരെ പോലീസ് നഗരസഭയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റി.

ഇതോടെ നഗരസഭയ്ക്ക് പുറത്ത് ദേശീയ പതാക പിടിച്ചുകൊണ്ട് സി.പി.ഐ.എം മുദ്രാവാക്യം വിളിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് പുറത്ത് ജയ് ശ്രീറാം വിളികളുമായി എത്തി.

ജയ് ശ്രീറാം വിളി തടയാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്നും തങ്ങള്‍ ഗുണ്ടകളല്ലെന്നും മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പോലീസിനോട് തട്ടിക്കയറുന്നുണ്ടായിരുന്നു.

സി.പി.ഐ.എം പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നെന്ന് ചോദിച്ച് കൗണ്‍സിലര്‍മാരും ബി.ജെ.പി പ്രവര്‍ത്തകരും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.

ഇതേസമയം തന്നെ ‘വര്‍ഗീയത തുലയട്ടെ മതേതരത്വം പുലരട്ടെ’ എന്ന മുദ്രാവാക്യം വിളിച്ച് സി.പി.ഐ.എം കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിച്ച ശേഷം ബി.ജെ.പി കോണ്‍ഗ്രസ് അംഗങ്ങള്‍ പുറത്തേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പുറത്തേക്ക് വന്നിരുന്നില്ല. നേരത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സ്ഥലത്തെത്തി ദേശീയ പതാക ഉയര്‍ത്താന്‍ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →