കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായി അമിത് ഷാ പറഞ്ഞ ഏഴ് കാര്യങ്ങള്‍ എണ്ണി പറഞ്ഞ് തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍.ബി.ജെ.പി ‘ടൂറിസ്റ്റ് ഗാങ്ങി’ന്റെ വിശ്വസ്തനായ ഷായുടെ പ്രസംഗത്തിലെ കെട്ടിച്ചമച്ച, തെറ്റായ ഏഴു വിവരങ്ങള്‍ എന്ന ക്യാപ്ഷനോട് കൂടിയാണ് ഒബ്രിയാന്‍ ഇവ വിശദീകരിച്ചത്്.
മമതാ ബാനര്‍ജി കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടിയാണ്. എന്നിട്ട് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളവര്‍ കൂറുമാറിയെന്ന് ആരോപിക്കുന്നു എന്നായിരുന്നു ഷായുടെ ഒരു വാദം. എന്നാല്‍ മമത കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിയില്‍ ചേരാനല്ല, പകരം സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കാനാണ്. 1998ല്‍ അവര്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയെന്ന് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.സുവേന്തു അധികാരി അടക്കമുള്ള തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത് വിശദീകരിക്കവെയായിരുന്നു ഷായുടെ പ്രസ്താവന.
ആയുഷ്മാന്‍ ഭാരത് പദ്ധതി കൊണ്ട് ബംഗാളിലെ ജനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നായിരുന്നു ഷായുടെ രണ്ടാമത്തെ വാദം. എന്നാല്‍ ആയുഷ്മാന്‍ പദ്ധതിയ്ക്ക് വെറും രണ്ട് വര്‍ഷം മുമ്പ് കൊണ്ട് വന്ന സ്വാസ്ത്യ സതി എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ 1.4 കോടി കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും മറ്റും കൊണ്ടുവന്നെന്ന് ഒബ്രിയാന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കിസാന്‍ ഫണ്ടായ 6,000 രൂപ ബംഗാള്‍ മുക്കുകയാണെന്നായിരുന്നു ഷായുടെ മൂന്നാമത്തെ വാദം. ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വാര്‍ഷിക സഹായ ധനമായി 5,000 രൂപ നല്‍കുന്നുണ്ട്. കേന്ദ്രത്തിന്റെ ഏക്കറിന് 1214 രൂപ എന്ന നിരക്കല്ല ഇതെന്നും ഒബ്രിയാന്‍ തിരിച്ചടിച്ചു.
ബംഗാളില്‍ 300ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ ഒന്നര വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടെന്ന ഷായുടെ കണക്കിന്, ആത്മഹത്യ ചെയ്ത ബി.ജെ.പി പ്രവര്‍ത്തകരെ പോലും കൊലപാതകത്തിന്റെ കൂട്ടത്തില്‍ കൂട്ടിയാണ് ഇത് പറയുന്നത്. ജെ. പി നദ്ദ ബംഗാളില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയില്ലെന്ന എന്നതിന് ബംഗാള്‍ സര്‍ക്കാര്‍ നദ്ദയ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി നല്‍കിയെന്നും പക്ഷെ അദ്ദേഹം എല്ലാ നിര്‍ദേശങ്ങളും തെറ്റിച്ചെന്നും ഒബ്രിയാന്‍ പറഞ്ഞു.

