കൊല്‍ക്കത്ത: തൃണമൂല്‍ വിമത നേതാവും മുന്‍മന്ത്രിയുമായ സുവേന്ദു അധികാരി ഉള്‍പ്പെടെ 10 തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.ഒരു സിപിഎം അംഗവും ബിജെപിയിലെത്തിയിട്ടുണ്ട്. അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മിഡ്‌നാപുരില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം. സിപിഎം എംഎല്‍എ തപ്‌സി മൊഡലും സിപിഐ എംഎല്‍എ അശോക് ദിന്‍ഡയും കൂട്ടത്തിലുണ്ട്. ബര്‍ദ്ധമാന്‍ പുര്‍ബ ലോക്‌സഭാംഗം സുനില്‍ കുമാര്‍ മൊണ്ഡലും ടിഎംസിയുടെ നിരവധി പ്രാദേശിക നേതാക്കളും അമിത് ഷായില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ബംഗാളില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ചടങ്ങില്‍ അമിത് ഷാ വ്യക്തമാക്കി.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 200 സീറ്റിലധികം നേടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത മാത്രമേ അവശേഷിക്കൂവെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.രാവിലെ സ്വാമി വിവേകാനന്ദ ഭവനവും ശ്രീരാമകൃഷ്ണാശ്രമവും സന്ദര്‍ശിച്ചാണ് അമിത് ഷായുടെ ബംഗാള്‍ പര്യടനം തുടങ്ങിയത്. സിദ്ധേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കര്‍ഷക കുടുംബത്തോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചു.

