കൊച്ചി : തൻ്റെ വിവാദ ശബ്ദരേഖയ്ക്ക് പിന്നില്‍ സംസ്ഥാന പോലീസെന്ന് ഇഡിക്ക് സ്വപ്നയുടെ മൊഴി. പോലീസ് പറഞ്ഞതനുസരിച്ചാണ് കാര്യങ്ങള്‍ പറഞ്ഞത്. ഇത് തനിക്കൊപ്പം വന്ന വനിതാ പോലീസിൻ്റെ സഹായത്തോടെ സ്പെഷ്യല്‍ ബ്രാഞ്ച് ചോര്‍ത്തിയെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ ഡി കൂടുതല്‍ അന്വേഷണമാരംഭിച്ചു. ചോദ്യം ചെയ്യലിനിടെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നും അങ്ങനെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞെന്നുമായിരുന്നു സ്വപ്നയുടെ ശബ്ദരേഖയിലുള്ളത്. പോലീസാണ് ശബ്ദം റെക്കോര്‍ഡ് ചെയ്ത് ചോര്‍ത്തിയതിന് പിന്നിലെന്നും, അവര്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ് റെക്കോര്‍ഡ് ചെയ്യാനായി പറഞ്ഞതെന്നുമാണ് സ്വപ്ന ഇപ്പോൾ പറയുന്നത്.
കോടതിയുടെ അനുമതിയോടെ സ്വപ്നയെ ഇ ഡി ചോദ്യം ചെയ്തപ്പോഴാണ് ശബ്ദരേഖ ചോര്‍ച്ചയ്ക്ക് പിന്നിലുള്ള കാര്യങ്ങള്‍ അവർ വെളിപ്പെടുത്തിയത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ ഇ ഡി കൂടുതല്‍ വിപുലമായ അന്വേഷണം നടത്തിയേക്കും.

