ആലപ്പുഴ: മാവേലിക്കര നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമെത്തിയതോടെ നിർണായകമായിരിക്കുകയാണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതന്‍ കെ വി ശ്രീകുമാറിന്റെ നിലപാട്.
നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവരെ താൻ പിന്തുണക്കുമെന്ന് ശ്രീകുമാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ആകെ 28 വാര്‍ഡുകളാണ് മാവേലിക്കര നഗരസഭയിലുള്ളത്. ഇതില്‍ ഒമ്പതെണ്ണം വീതം എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും പങ്കിട്ടു. 27 സീറ്റുകള്‍ മൂന്ന് പാര്‍ട്ടികളും തുല്യമായി പങ്കിട്ടതോടെയാണ് സ്വതന്ത്രന്റെ നിലപാട് നിര്‍ണായകമായത്.
മൂന്ന് മുന്നണികളും ഇദ്ദേഹവുമായി ചര്‍ച്ച നടത്തുന്നുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ഇദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും അനുഭാവം ഇടതിനോടാണ്. എല്‍ ഡി എഫിനെ പിന്തുണയ്ക്കാനാണ് ശ്രീകുമാറിന്റെ ആലോചനയെന്നാണ് സൂചന. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ശ്രീകുമാർ പറഞ്ഞു. എന്തായാലും അധികാരം പിടിക്കാൻ പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളെ ചെയർമാനാക്കേണ്ടി വരും സി പി എമ്മിന് എന്ന് ഏറെക്കുറെ ഉറപ്പായി.