ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ മോദിയും സിഖുസമുദായവും തമ്മിലുള്ള ബന്ധം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഐആര്‍സിടിസി തങ്ങളുടെ ഉപയോക്താക്കള്‍ക്ക് അയച്ചത് രണ്ട് കോടിയോളം ഇ മെയില്‍ സന്ദേശങ്ങള്‍. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ആശയ വിനിമയത്തിന്റെ ഭാഗമായാണ് ഇ മെയില്‍ അയച്ചതെന്നാണ് റെയില്‍വേ വൃത്തങ്ങളുടെ വിശദീകരണം. ഡിസംബര്‍ എട്ടിനും 12നുമിടയിലാണ് 1.9 കോടിയിലേറെ ഇ മെയിലുകള്‍ അയച്ചതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സിഖ് സമൂഹവുമായുള്ള പ്രത്യേക ബന്ധം വിവരിക്കുന്ന 47 പേജുള്ള വിവരണവും ചേര്‍ത്താണ് മെയില്‍ അയച്ചിരിക്കുന്നത്. സിഖ് സമൂഹത്തെ പിന്തുണച്ച് പ്രധാനമന്ത്രി കൈക്കൊണ്ട 13 തീരുമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, സിഖ് സമൂഹത്തിനു മാത്രമായാണ് ഇ മെയില്‍ അയച്ചതെന്ന വാര്‍ത്തകള്‍ ഐആര്‍സിടിസി നിഷേധിച്ചു.
ട്രെയിന്‍ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കുന്ന മെയില്‍ ഐഡികളാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ് ഭാഷകളിലാണ് പിഡിഎഫ് അറ്റാച്ചുമെന്റുകള്‍. സിഖ് സമുദായത്തിനായി പ്രധാനമന്ത്രി ചെയ്ത കാര്യങ്ങളാണ് 47 പേജുള്ള പിഡിഎഫ് ഫയലിന്റെ ഉള്ളടക്കം. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ പ്രധാനമന്ത്രിയുടെ നിരവധി ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് ഗുരു നാനാക്ക് ജയന്തി ദിനത്തില്‍ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, ഹര്‍ദീപ് സിംഗ് പുരി എന്നിവരാണ് ലഘുലേഖ പുറത്തിറക്കിയത്.