കോവിഡ് കാലത്തും അമ്പരപ്പിക്കുന്ന പോളിംഗ് , വിജയിക്കുമെന്ന് മൂന്ന് മുന്നണികളും,

തിരുവനന്തപുരം: അവകാശവാദങ്ങളുടെ ആയുസ്സ് മുപ്പതോ നാൽപതോ മണിക്കൂറുകൾ മാത്രമാണെങ്കിലും മൂന്നു മുന്നണികളും തങ്ങളുടെ വിജയം പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പൂർവ്വാധികം ആത്മവിശ്വാസത്തോടെ ‘ഐതിഹാസിക ‘ വിജയമാണ് എൽ ഡി എഫിനുണ്ടാകാൻ പോകുന്നത് എന്നാണ് പറഞ്ഞത്. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വിജയത്തിൻ്റെ കാര്യത്തിൽ സംശയമേ ഉണ്ടായിരുന്നില്ല.

മൂന്നാം ഘട്ടം വോട്ടെടുപ്പ് പൂർത്തിയായ ഉടൻ എൽ ഡി എഫിൻ്റെയും യുഡിഎഫിൻ്റെയും ക്രോസ് വോട്ടിംഗിനെ തങ്ങൾ അതിജീവിക്കും എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചത്.

സ്വർണക്കളളക്കടത്തിൽ തുടങ്ങിയ ആരോപണങ്ങൾ മയക്കുമരുന്നിലും ഡോളർ കടത്തിലും സർക്കാറിൻ്റെ സ്വപ്ന പദ്ധതികളുടെ അണിയറയിൽ നടന്ന കമ്മീഷൻ ഇടപാടുകളിലും വരെ എത്തി നിൽക്കുന്ന സവിശേഷ സാഹചര്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് സി പി എമ്മിനും എൽ ഡി എഫിനും നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഒരു ട്രയൽ റണ്ണാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരിൽ തുടങ്ങിയ അന്വേഷണത്തിൻ്റെ ഇങ്ങേത്തലയ്ക്കൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പോലും പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് വിധേയനായി നിൽക്കുകയാണ്. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറയുമ്പൊഴും പ്രതിപക്ഷ ആരോപണങ്ങളെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും ജനമധ്യത്തിൽ പ്രതിരോധിക്കേണ്ട അധിക ബാധ്യതയും ഇത്തവണ ഭരണകക്ഷിയ്ക്കുണ്ടായിരുന്നു.

വെൽഫെയർ പാർടി ബന്ധം മുസ്ലീം ലീഗിൻ്റെ അടിത്തറയിളക്കുമെന്ന് മുഖ്യമന്ത്രിയടക്കം പറയുമ്പോൾ അവരുമായുള്ള പ്രാദേശിക ബന്ധം ഈ തെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്തിട്ടുണ്ട് എന്ന അഭിപ്രായമാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പങ്കുവച്ചത്. വെൽഫെയർ പാർടിയുമായി നീക്കുപോക്കുണ്ടാക്കിയ മുക്കം അടക്കമുള്ള സ്ഥലങ്ങളിലുണ്ടായ ഗംഭീരമായ പോളിംഗ് നില യു ഡി എഫ് നേതാക്കളുടെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം തങ്ങളുമായുണ്ടാക്കിയ സഖ്യം യുഡിഎഫിന് ഗുണമുണ്ടാക്കിയെന്ന് വെൽഫെയർ പാർടി നേതാക്കൾ തന്നെ അവകാശപ്പെടുകയും ചെയ്യുന്നു.

ദേശീയ തലത്തിൽ തിരിച്ചടികളുടെയും പരാജയങ്ങളുടെയും പടുകുഴിയിൽ അകപ്പെട്ടു കിടക്കുന്ന കോൺഗ്രസിന് കേരളത്തിലെ നില മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്.

ബിജെപിയ്ക്കും തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷ തന്നെയാണ്. ഇത്രയും അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും നേട്ടമുണ്ടാക്കാനായില്ലെങ്കിൽ ബിജെപിയിൽ കെ സുരേന്ദ്രൻ്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. ശോഭാ സുരേന്ദ്രനടക്കം ചിലർ ഉയർത്തിയ ഉൾപ്പാർടി കലാപം കൂടുതൽ തീവ്രമാവുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →