ഭോപ്പാൽ: 2010 ൽ വീട്ടിൽ നിന്ന് കാണാതായ ഒരു ആൺകുട്ടിയെ പത്ത് വർഷത്തിനു ശേഷം മുഖം തിരിച്ചറിയൽ ഉപകരണമായ ‘ഡാർപാൻ'(DARPAN) ഉപയോഗിച്ച് കണ്ടെത്തിയിരിക്കുകയാണ് ഹൂഗ്ലി പോലീസ്.
2010 ഒക്ടോബർ 7 ന് മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് കാണാതായ ആൺകുട്ടിയെ പശ്ചിമ ബംഗാളിലെ ഹൗറയിലെ ചിൽഡ്രൺസ് ഹോമിൽ നിന്ന് കണ്ടെത്തിയതായി പോലീസ് വാർത്താക്കുറിപ്പിലാണ് അറിയിച്ചത്.
കാണാതായ കുട്ടികളുടെ ഫോട്ടോകൾ രാജ്യത്തുടനീളമുള്ള ചിൽഡ്രൻസ് ഹോമുകളിൽ കണ്ടെത്തിയ കുട്ടികളുടെ ഫോട്ടോകളുമായി പൊരുത്തപ്പെടുത്തുന്നതിന് പോലീസ് വികസിപ്പിച്ചെടുത്ത മുഖം തിരിച്ചറിയൽ ഉപകരണം സഹായകമായതായി വാർത്താക്കുറിപ്പിൽ പറയുന്നു.
ഈ വർഷം മാർച്ചിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് വനിതാ സുരക്ഷാ വിഭാഗത്തിലെ സംസ്ഥാന അഡീഷണൽ ഡയറക്ടർ ജനറൽ (എ.ഡി.ജി.പി) സ്വാതി ലക്ര പറഞ്ഞു.
വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയും അവർ ചിൽഡ്രൺസ് ഹോമിൽ എത്തി കുട്ടിയെ തിരിച്ചറിയുകയും ചെയ്തതായി പോലീസ് പറഞ്ഞു.
കോവിഡ് ലോക്ക് ഡൗൺ കണക്കിലെടുത്ത്, ഡിസംബർ 12 ന് പശ്ചിമ ബംഗാൾ പോലീസ് കുട്ടിയെ പിതാവിന് കൈമാറി.

