ന്യൂഡൽഹി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ മരടിൽ പൊളിച്ചു മാറ്റിയ ഫ്ലാറ്റുകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാരിന് ബാധ്യതയില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിൽ ഇടക്കാല നഷ്ടപരിഹാരമായി നൽകിയ 62 കോടി രൂപ തിരികെ ലഭിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. നഷ്ടപരിഹാര സമിതിയുടെ ചെലവും ഫ്ളാറ്റ് പൊളിച്ചതിന്റെ ചെലവും നിർമാതാക്കൾ നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. 248 ഫ്ലാറ്റ് ഉടമകള്‍ക്കായി സംസ്ഥാന സർക്കാര്‍ 62 കോടി നഷ്ടപരിഹാര ഇനത്തില്‍ കൈമാറിയെന്നാണ് സത്യവാങ്മൂലം വ്യക്തമാക്കുന്നത്.
മരടിലെ പൊളിച്ചു മാറ്റിയ രണ്ട് ഫ്ലാറ്റ് നിർമാതാക്കൾ നഷ്ടപരിഹാരം നൽകിയില്ലെന്ന് ജസ്റ്റീസ് ബാലകൃഷ്ണന് നായർ സമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആല്‍ഫ സെറീൻ, ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെയും തുകയൊന്നും നല്‍കിയിട്ടില്ല. സത്യവാങ്മൂലത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. നഷ്ടപരിഹാര വിതരണത്തിന് ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഇത് വരെ നല്‍കിയത് 4.81 കോടി രൂപയാണെന്നും സമിതി വ്യക്തമാക്കി. ഗോള്‍ഡൻ കായലോരത്തിന്റെ നിർമാതാക്കൾ 2.81 കോടിയും ജയിന് ഹൗസിംഗ് കണ്‍സ്ട്രക്ഷൻ രണ്ട് കോടിയും നല്കി.

