ബംഗളൂരു: തായ്‌വാന്‍ ആസ്ഥാനമായുള്ള വിസ്‌ട്രോണ്‍ കോര്‍പറേഷന്റെ നര്‍സാപുര പ്ലാന്റ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തു. ആപ്പിള്‍ ഉള്‍പ്പെടെയുള്ള നിരവധി കമ്പനികള്‍ക്കായി സ്മാര്‍ട്ട്ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍മിക്കുന്ന പ്ലാന്റാണിത്. ബംഗളൂരുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് പ്ലാന്റ്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ തൊഴിലാളികള്‍ അസംതൃപ്തരായിരുന്നുവെന്ന് കോലാര്‍ ജില്ലാ പോലീസ് പറഞ്ഞു.
ശനിയാഴ്ച(12/12/2020)യായിരുന്നു സംഭവം. പ്ലാന്റിലെ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലും തീവച്ച നിലയിലുമുള്ളതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഏതാനും മാസങ്ങളായുള്ള ശമ്ബള കുടിശ്ശിക തീര്‍ത്തുതരണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുകയും ഈ ആവശ്യമുന്നയിച്ച് ശനിയാഴ്ച എച്ച്‌ആര്‍ ഉദ്യോഗസ്ഥരെ കാണുകയും ചെയ്തിരുന്നു.
മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഓഫീസ് ആക്രമിക്കുകയും ഓഫീസ് പരിസരവും ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തുവെന്ന് കോലാര്‍ എസ്പി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചതായും സംശയിക്കുന്ന ചിലരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്പി പറഞ്ഞു.
ഫര്‍ണിച്ചര്‍, കമ്ബ്യൂട്ടര്‍, ഫാക്ടറി ഉപകരണങ്ങള്‍ എന്നിവ ജീവനക്കാര്‍ നശിപ്പിച്ചതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയുടെ രണ്ട് വാഹനങ്ങള്‍ക്ക് തീയിടാന്‍ ശ്രമിച്ച ജീവനക്കാര്‍ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റ് നാല് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയെന്നും പോലിസ് പറഞ്ഞു.
പതിനായിരത്തോളം ജോലിക്കാര്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നുണ്ട്. കോലാര്‍, ചിക്കബാലാപൂര്‍, ബംഗളൂരു ഗ്രാമ, നഗര ജില്ലകളില്‍ നിന്നുള്ളവരാണ് പ്ലാന്റില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. അക്രമങ്ങളില്‍ ഏര്‍പ്പെടാതെ പരിഹാരത്തിന് മറ്റുവഴികളുണ്ടെന്ന് ഐടി, ബയോടെക്നോളജി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. സി അശ്വത് നാരായണന്‍ പറഞ്ഞു.

