ബ്ലാസ്റ്റേഴ്സ് തോറ്റു, ഗോവയ്ക്ക് ആദ്യ ജയം

പനജി: ഐ എസ് എൽ ഫുട്‌ബോള്‍ ഏഴാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോല്‍വി. ഞായറാഴ്ച(06/12/2020) നടന്ന മത്സരത്തില്‍ എഫ്‌.സി. ഗോവ 3-1 നാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്‌. വലിയ പ്രതീക്ഷകളോടെ സീസണ്‍ തുടങ്ങിയ ബ്ലാസേ്‌റ്റഴ്‌സ് സീസണിലെ നാലാം മത്സരത്തിലും ജയിച്ചില്ല. ഗോവ ഏഴാം സീസണില്‍ ആദ്യമായാണ്‌ ജയിക്കുന്നത്‌. ഗോവയ്‌ക്കു വേണ്ടി ഇഗോര്‍ അന്‍ഗുലോ ഇരട്ട ഗോളുകളും യോര്‍ഗെ ഓര്‍ടിസ്‌ ഒരു ഗോളുമടിച്ചു. കളിയുടെ അവസാന സെക്കന്‍ഡില്‍ വിസെന്റെ ഗോമസ്‌ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഒരു ഗോള്‍ മടക്കി.

ഇഞ്ചുറി ടൈമില്‍ കോസ്‌റ്റ നാമോസിനു ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു മടങ്ങിയതും ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി.മികച്ച അവസരങ്ങള്‍ സൃഷ്‌ടിച്ചത് ഗോവ ആയിരുന്നു. ഒന്നാം പകുതിയില്‍ മാത്രം രണ്ട്‌ ഗോവന്‍ ഷോട്ടുകള്‍ ഗോള്‍ പോസ്‌റ്റില്‍ തട്ടി മടങ്ങി. 30 ആം മിനിറ്റില്‍ ഇഗൊര്‍ അന്‍ഗുലോയുടെ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിയെങ്കിലും വലയിലേക്ക്‌ തന്നെ പോയി. ലീഡ്‌ നേടിയ ശേഷവും ഗോവ തന്നെയാണ്‌ മികച്ച പ്രകടനം കാഴ്‌ചവെച്ചത്‌. രണ്ടാം പകുതിയിലും ഗോവ ആക്രമണം തുടര്‍ന്നു. ഓര്‍ടിസിലൂടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോവ രണ്ടാം ഗോള്‍ കണ്ടെത്തി. ബ്രാണ്ടന്റെ പാസില്‍നിന്ന്‌ ഓര്‍ടിസ്‌ ആയിരുന്നു ഗോളടിച്ചത്‌.

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ വിസെന്റെയുടെ ഷോട്ട്‌ ബാറില്‍ തട്ടി മടങ്ങിയതു മാത്രമാണു നല്ല ഗോള്‍ ശ്രമമായത്‌. മൂന്നാം ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ അല്‍ബിനോ ഗോമസിന്റെ പിഴവില്‍നിന്നാണു പിറന്നത്‌. ഉയര്‍ന്നു വന്ന പന്ത്‌ പിടിച്ച ആല്‍ബിനോ ഗോമസ്‌ പന്ത്‌ കിക്ക്‌ ചെയ്യാന്‍ വേണ്ടി നിലത്തിട്ടതായിരുന്നു. വലതു വശത്ത്‌ ഗോവന്‍ സ്‌ട്രൈക്കര്‍ ഇഗോര്‍ ഉണ്ടെന്ന കാര്യം ആല്‍ബിനോ മറന്നു. വെറുതേ കിട്ടിയ പന്ത്‌ പോസ്‌റ്റിലേക്ക്‌ തട്ടിയിടടുകയെ അംഗുളോയ്‌ക്ക് വേണ്ടി വന്നുള്ളു. കോച്ച്‌ കിബു വികുന ഇന്നലെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരുക്കേറ്റ സിഡോഞ്ചയ്‌ക്ക് പകരം വിസെന്റെ ഗോമസ്‌ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കളിച്ചു. മലയാളി താരം കെ.പി. രാഹുലും ആദ്യമായി സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കളിച്ചു. നാല്‌ കളികളില്‍നിന്ന്‌ രണ്ട്‌ പോയിന്റ്‌ മാത്രം നേടിയ ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പതാം സ്‌ഥാനത്തേക്കു വീണു. അഞ്ച്‌ പോയിന്റ്‌ നേടിയ ഗോവ അഞ്ചാം സ്‌ഥാനത്തുമായി. നാല്‌ കളികളില്‍നിന്ന്‌ ഒന്‍പത്‌ പോയിന്റ്‌ നേടിയ മുംബൈ സിറ്റി ഒന്നാമതെത്തി. ജി.എം.സി. സ്‌റ്റേഡിയത്തില്‍ ഒഡീഷയ്‌ക്കെതിരേ നേടിയ മത്സരത്തില്‍ ബര്‍തലോമി ഒഗ്‌ബാചെയും റൗവ്‌ലിന്‍ ബോര്‍ഗസുമാണു ഗോളടിച്ചത്‌.ഞായറാഴ്ച വൈകിട്ട്‌ നടന്ന മറ്റൊരു മത്സരത്തില്‍ ഒഡീഷ എഫ്‌.സിയെ 2-0 ത്തിന് മുംബൈ സിറ്റി തോല്‍പ്പിച്ചു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →