ഇന്ത്യ ഫ്രാന്‍സില്‍ നിന്നും ആറ്‌ എയര്‍ബസ്‌ ടാങ്കറുകള്‍ വാങ്ങുന്നു

പാരീസ്‌: ഒരേസമയം രണ്ട്‌ പോര്‍ വിമാനങ്ങള്‍ക്ക്‌ ആകാശത്തുവച്ച്‌ ഇന്ധനം നിറക്കാന്‍ ശേഷിയുളള സെക്കന്റ് ‌ ഹാന്‍ഡ്‌ എയര്‍ബസ്‌ 330 ട്രാന്‍സ്‌പോര്‍ട്ട് -ടാങ്കര്‍ വിമാനങ്ങള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ഫ്രാന്‍സില്‍ നിന്ന്‌ വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നു. വില വെളിപ്പെടുത്തിയില്ല. പുതിയ ടാങ്കര്‍ ഒന്നിന്‌ 1200 കോടിയോളം രൂപയായിരുന്നു വില. കോവിഡ്‌ കാരണം വിലയിടിഞ്ഞതിനാല്‍ ഇവ വാങ്ങുന്നത്‌ ലാഭമാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.പാസഞ്ചര്‍ വിമാനമായ എയര്‍ബസ്‌ 330 പരിഷ്‌ക്കരിച്ച്‌ നിര്‍മ്മിച്ച വിവിധോദ്ദേശ്യ വിമാനങ്ങളാണിവ. യൂറോപ്യന്‍ കമ്പനിയാണ്‌ എയര്‍ബസ്‌.

ഫ്രാന്‍സ്‌ ഉപയോഗിക്കുന്ന അഞ്ചുമുതല്‍ ഏഴുവരെ വര്‍ഷം പഴക്കമുളള എയര്‍ബസ്‌ 330 മള്‍ട്ടിറോള്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ടാങ്കറുകള്‍ (എംആര്‍ടിടി) ആറെണ്ണം വിലകുറച്ച്‌ നല്‍കാമെന്ന്‌ ഫ്രഞ്ച്‌ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശമാണ്‌ പരിഗണിക്കുന്നത്‌. വിമാനങ്ങള്‍ക്ക്‌ 30 വര്‍ഷത്തെ ആയുസും ഫ്രാന്‍സ്‌ ഉറപ്പുനല്‍കുന്നു. ഒരു ബ്രിട്ടീഷ്‌ കമ്പനിയില്‍ നിന്ന്‌ ഇത്തരം ഒരു വിമാനം വാടകയ്‌ക്ക്‌ എടുക്കാനായിരുന്നു ഇന്ത്യന്‍ വ്യോമ സേനയുടെ ആലോചന. അപ്പോഴാണ്‌ ഫ്രഞ്ച്‌ വാഗ്‌ദാനം വന്നത്‌. ആസ്‌ട്രേലിയ, ബ്രിട്ടണ്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ എയര്‍ബസ്‌ ടാങ്കറുകള്‍ ഉപയോഗിക്കുന്നുണ്ട്‌

ചൈനയുമായുളള സംഘര്‍ഷത്തിന്റെ പാശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ നിന്ന്‌ റാഫേല്‍ പോര്‍ വിമാനങ്ങള്‍ എത്തിയത്‌ വ്യോമ സേനക്ക്‌ കൂടുതല്‍ പ്രഹര ശേഷി നല്‍കിയിട്ടുണ്ട്‌. പുതിയ ടാങ്കറുകള്‍ എത്തുന്നതോടെ പോര്‍വിമാനങ്ങളുടെ പ്രഹരശേഷിയും വര്‍ദ്ധിക്കും. റഷ്യയില്‍ നിന്ന വാങ്ങിയ ഏഴ്‌ ഐഎല്‍ -76 വിമാനങ്ങളാണ്‌ വ്യോമ സേന ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. പാക്കിസ്ഥാന്‍, ഉക്രെയിനില്‍ നിന്ന ഇതേ ടാങ്കറുകള്‍ നാലെണ്ണം വാങ്ങിയിട്ടുണ്ട്‌. ചൈനക്ക്‌ മൂന്നെണ്ണമുണ്ട്‌. കൂടാതെ റഷ്യയുടെ പത്ത്‌ ബോംബര്‍ വിമാനങ്ങള്‍ ടാങ്കറുകളായി പരിഷ്‌ക്കരിച്ചും ചൈന ഉപയോഗിക്കുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →